
ദോഹ: ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം രാജ്യത്തെ സുപ്രധാന ഭരണപരിഷ്കാരങ്ങൾക്കും അന്താരാഷ്ട്ര കരാറുകൾക്കും അംഗീകാരം നൽകി.വിശുദ്ധ റമദാൻ മാസത്തിന്റെ വരവിനോടനുബന്ധിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും ലോക മുസ്ലീംങ്ങൾക്കും മന്ത്രിസഭ ആശംസകൾ നേർന്നു. രാജ്യം കൂടുതൽ അഭിവൃദ്ധിയിലേക്കും സുരക്ഷിതത്വത്തിലേക്കും നീങ്ങട്ടെയെന്ന് യോഗം ആശംസിച്ചു.ധനമന്ത്രാലയത്തിന് കീഴിലുള്ള ചില അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകളുടെ പുനഃസംഘടനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. സർക്കാർ ആസ്തികളുടെ മാനേജ്‌മെന്റ് ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റം.ദോഹയിൽ നടക്കാനിരിക്കുന്ന 'വേൾഡ് ഇൻവെസ്റ്റ്‌മെന്റ് ഫോറം' സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുമായുള്ള കരാറിന് യോഗം അനുമതി നൽകി.ടാൻസാനിയ, നമീബിയ എന്നീ രാജ്യങ്ങളുമായി ഇരട്ട നികുതി ഒഴിവാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകൾക്ക് അംഗീകാരം നൽകി.അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാക്കുന്നതിനായി കസ്റ്റംസ് ക്ലിയറൻസ് സംവിധാനം പരിഷ്കരിക്കുന്നതിനുള്ള നാഷണൽ കമ്മിറ്റിയുടെ ചുമതലകൾ വിപുലീകരിച്ചു.ശാസ്ത്രീയ മികവിനുള്ള പുരസ്കാരം നേടിയവരെയും രണ്ടാമത് ഗവൺമെന്റ് എക്സലൻസ് അവാർഡ് നേടിയ വിവിധ മന്ത്രാലയങ്ങളെയും സർക്കാർ ഏജൻസികളെയും യോഗം അഭിനന്ദിച്ചു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് യോഗം വ്യക്തമാക്കി.
ഖത്തർ ഡെവലപ്‌മെന്റ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടും തുർക്ക്‌മെനിസ്ഥാൻ, അസർബൈജാൻ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക-വ്യാപാര സഹകരണ ചർച്ചകളുടെ ഫലങ്ങളും യോഗം അവലോകനം ചെയ്തു.











