
ടെഹ്റാൻ: ഇറാനിൽ വ്യാപകമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, സായുധ സേനയുടെ മുന്നിൽ ഒറ്റയ്ക്ക് ഇരുന്ന് പ്രതിഷേധിക്കുന്ന ഒരാളുടെ ചിത്രം അന്താരാഷ്ട്ര ശ്രദ്ധ നേടി. ഇറാനിയൻ വാർത്താ ഏജൻസിയായ ഇറാൻ ഇന്റർനാഷണൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിൽ കറുപ്പ് വസ്ത്രം ധരിച്ച പ്രതിഷേധക്കാരൻ റോഡിന്റെ നടുവിൽ തലകുനിച്ച് ശാന്തമായി ഇരിക്കുന്നതാണ് കാണുന്നത്. മോട്ടോർ സൈക്കിളുകളിലെത്തിയ പൊലീസ് സംഘത്തെയാണ് ഇയാൾ തനിച്ച് നേരിടുന്നത്. 1989-ലെ ചൈനയിലെ ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭകാലത്തെ ‘ടാങ്ക് മാൻ’ ചിത്രത്തോടാണ് ഇതിനെ ഉപമിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി, കറൻസിയുടെ മൂല്യത്തകർച്ച, ഉയർന്ന ജീവിതച്ചെലവ് എന്നിവയെ തുടർന്നാണ് ഇറാനിൽ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ശക്തമായത്. ടെഹ്റാൻ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ തെരുവ് പ്രകടനങ്ങൾ അരങ്ങേറുകയാണ്. പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ തുടക്കത്തിൽ പ്രതിഷേധങ്ങളെ അനുരഞ്ജനപരമായി സമീപിച്ചെങ്കിലും പിന്നീട് സുരക്ഷാ സേന കർശന നടപടി സ്വീകരിച്ചു. സംഘർഷങ്ങളിൽ പത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. പോലീസ് സ്റ്റേഷനുകൾക്ക് തീ കൊളുത്തിയ സംഭവങ്ങളും വെടിവെപ്പും ഉൾപ്പെടെയുള്ള അക്രമദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒറ്റപ്പെട്ട പ്രതിഷേധക്കാരന്റെ ചിത്രം ഇറാനിലെ നിലവിലെ അവസ്ഥയുടെ പ്രതീകമായി മാറിയിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഇയാളെ ‘പുതിയ ടാങ്ക് മാൻ’ എന്ന പേരിൽ വിശേഷിപ്പിക്കുന്നവരും നിരവധിയാണ്. 30 വർഷങ്ങൾക്ക് മുൻപ് ബീജിങ്ങിൽ ടാങ്കുകൾക്ക് മുന്നിൽ നിന്ന അജ്ഞാത പ്രതിഷേധക്കാരനെ ഈ ദൃശ്യം ഓർമിപ്പിക്കുന്നതായാണ് അന്താരാഷ്ട്ര പ്രതികരണങ്ങൾ.











