05:34am 12 April 2026
NEWS
അറബിക്കടലിൽ സംഘർഷാവസ്ഥ; അമേരിക്ക ഇറാന്റെ ഡ്രോൺ തകർത്തു
04/02/2026  06:45 AM IST
nila
അറബിക്കടലിൽ സംഘർഷാവസ്ഥ; അമേരിക്ക ഇറാന്റെ ഡ്രോൺ തകർത്തു

വാഷിങ്ടൺ: അറബിക്കടലിൽ സംഘർഷാവസ്ഥ. ഇറാന്റെ ഡ്രോൺ അമേരിക്കൻ സൈന്യം തകർത്തതോടെയാണ് ഇറാൻ - അമേരിക്ക യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുന്നത്.  അറബിക്കടലിൽ വിന്യസിച്ചിരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ നേരിട്ട സുരക്ഷാ ഭീഷണിയെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇറാന്റെ ഡ്രോൺ യുഎസ് സൈന്യം തകർത്തത് എന്നാണ് റിപ്പോർട്ട്. കപ്പലിന് സമീപത്തേക്ക്  നീങ്ങിയ ഡ്രോണിനെ എഫ്–35സി യുദ്ധവിമാനം ഉപയോഗിച്ചാണ് വെടിവച്ചിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തങ്ങളുടെ കപ്പലിനെ ആക്രമിക്കാനാണ് ഡ്രോൺ എത്തിയത് എന്നാണ് അമേരിക്കൻ അധികൃതർ ആരോപിക്കുന്നത്. 

ചൊവ്വാഴ്ച്ചയാണ് ഇറാനിയൻ ഡ്രോൺ കപ്പലിനടുത്തേക്ക് എത്തുന്നതായി കണ്ടെത്തിയത്. വിമാനവാഹിനിയുടെയും അതിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്ന് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി. സംഭവത്തിൽ യുഎസ് കപ്പലിന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിൽ നയതന്ത്ര നീക്കങ്ങൾക്കും ഇറാൻ വേഗം കൂട്ടുന്നതായി റിപ്പോർട്ടുകളുണ്ട്. യുഎസുമായുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ നടത്തണമെന്ന ആവശ്യം ഇറാൻ മുന്നോട്ടുവച്ചതായി വിവരമുണ്ട്. ചർച്ചകൾക്ക് മറ്റ് അറബ് രാജ്യങ്ങളുടെ ഇടപെടൽ ഒഴിവാക്കി, ഇരുരാജ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള സംവാദത്തിലേക്ക് മാത്രം പരിമിതപ്പെടുത്തണമെന്ന നിലപാടിലാണ് ഇറാൻ എന്നാണ് റിപ്പോർട്ടുകൾ.

സൈനിക സമ്മർദവും നയതന്ത്ര ശ്രമങ്ങളും ഒരേസമയം മുന്നേറുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതി കൂടുതൽ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img