
ചെങ്ങന്നൂർ: ഇന്ദിരാ സ്മരണയിൽ ലീലാമ്മയ്ക് ഇത് നാലു പതിറ്റാണ്ടിൻ്റെ നീറുന്ന ഓർമ്മകൾ. 1984 ഒക്ടോബർ 31നായിരുന്ന പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അംഗ രക്ഷകരുടെ വെടിയേറ്റ് മരിക്കുന്നത്. ശരീരത്തിൽ വെടിയുണ്ടകളുമായി ജീവനു മല്ലടിക്കുന്ന ഇന്ദിരാജിയെ രക്ഷിക്കാൻ തീവ്രമായി പരിശ്രമിച്ച വൈദ്യ സംഘത്തിലെ നേഴ്സിംഗ് ഇൻ ചാർജായിരുന്നു ചെങ്ങന്നൂർ, പുലിയൂർ ഇലഞ്ഞിമേൽ കൈപ്പള്ളിൽ രാജൻ്റെ ഭാര്യ ലീലാമ്മ.
പ്രധാനമന്ത്രിക്ക് വെടിയേറ്റ് 20 മിനിറ്റിനകം ഡൽഹിയിലെ ഓൾ ഇൻഡ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചതായി ലീലാമ്മ ഇന്നെന്ന പോലെ ഓർമ്മിക്കുന്നു. ജീവൻ്റെ നേരിയ തുടിപ്പ് മാത്രമേ ശരീരത്തിൽ ഉണ്ടായിരുന്നുള്ളു. വിദഗ്ധ ഡോക്ടർമാർ അടക്കം 22 അംഗ മെഡിക്കൽ ടീമാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയത്. 31 വെടിയുണ്ടകളാണ് ആ ധീര വനിതയുടെ നെഞ്ചിൽ നിന്നും വയറ്റിൽ നിന്നുമായി പുറത്തെടുത്തത്. എന്നാൽ ശസ്ത്രക്രിയാ ടേബിളിൽ തന്നെ കിടന്നു കൊണ്ട് മരണം വരിക്കുകയായിരുന്നു.
ലീലാമ്മ ആ ആശുപത്രിയിൽ ജോലിക്ക് കയറിയിട്ട് ആറു മാസം ആയപ്പോഴാണ് നിർഭാഗ്യകരമായ ഈ സംഭവം ഉണ്ടായത്. പിന്നീട് 4 വർഷം കൂടി മാത്രമേ ലീലാമ്മ ആ സ്ഥാപനത്തിൽ ജോലി ചെയ്തുള്ളു. ഭർത്താവ് രാജൻ കൈപ്പള്ളിൽ ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
ഈ ദമ്പതികൾക്ക് 1988 ൽ ഒരു മകൻ പിറന്നിരുന്നു. എന്നാൽ പ്രസവ സമയത്ത് കുട്ടിക്ക് ഓക്സിസിജൻ കിട്ടാതെ വന്നതിനെ തുടർന്ന് ജനതിക തകരാറുകൾ സംഭവിച്ചു. കുട്ടിയുടെ ചികിത്സ കുറെ നാൾ നടത്തിയെങ്കിലും അതു ഫലപ്രദമായില്ല. 37 വയസ്സുള്ള മകൻ ഇപ്പോഴും കിടപ്പ് രോഗിയാണ്. മകൻ്റെ രോഗം കാരണം ദമ്പതികൾ 1988 ൽ നാട്ടിലേക്ക് മടങ്ങി. ഇപ്പോഴും ചികിത്സ തുടരുകയാണ്. ഇതിനിടെ ലീലാമ്മയും അർബുദ
രോഗത്തിൻ്റെ പിടിയിലമർന്നു. അതിൻ്റെയും ചികിത്സ നടന്നു വരുന്നു. ഭർത്താവ് ഭിന്നശേഷിക്കാരായ കുട്ടികളുടെ കരുതലിനായുള്ള സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരുന്നു. അതിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് വേണം കുടുംബത്തിൻ്റ വലിയ ചെലവുകൾ നടത്തുവാൻ. ഈ കാര്യത്തിൽ സുമനസുകളുടെ സഹായവും ഈ കുടുംബം തേടുന്നു.
9846726866.











