
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ (ദോഹ ബാങ്ക് സ്റ്റാർസ് ലീഗ്) തുടർച്ചയായ മൂന്നാം തവണയും കിരീടം നിലനിർത്തി അൽ സദ്ദ്. ആവേശകരമായ ഫൈനൽ മത്സരത്തിൽ അൽ ശമാലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ സദ്ദ് തങ്ങളുടെ പത്തൊൻപതാം ലീഗ് കിരീടം സ്വന്തമാക്കിയത്. ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻസീനിക്ക് കീഴിൽ അൽ സദ്ദ് നേടുന്ന ആദ്യ ലീഗ് കിരീടമാണിത്.
ജസീം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയിച്ചാൽ മാത്രം കിരീടം എന്ന ലക്ഷ്യവുമായി ഇറങ്ങിയ അൽ ശമാലിനെ തുടക്കം മുതൽ അൽ സദ്ദ് സമ്മർദ്ദത്തിലാക്കി.മത്സരത്തിന്റെ 20-ാം മിനിറ്റിൽ സൂപ്പർ താരം അക്രം അഫീഫിലൂടെ അൽ സദ്ദ് ലീഡ് എടുത്തു. രണ്ട് മിനിറ്റുകൾക്ക് ശേഷം ക്ലോഡീഞ്ഞോ നൽകിയ പാസിൽ നിന്നും റോബർട്ടോ ഫിർമിനോ രണ്ടാം ഗോൾ നേടി. ആദ്യ പകുതിയിൽ തന്നെ അൽ സദ്ദ് രണ്ട് ഗോളിന് മുന്നിലായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ (49-ാം മിനിറ്റ്) അൽ ശമാൽ താരം അബ്ദുസ്സമദ് ബൗനാസർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അവർക്ക് വലിയ തിരിച്ചടിയായി. എന്നാൽ പത്തുപേരുമായി പൊരുതിയ ശമാലിനായി മുൻ അൽ സദ്ദ് താരം ബാഗ്ദാദ് ബൗനെദ്‌ജ ഒരു ഗോൾ മടക്കി. തൊട്ടുപിന്നാലെ പൗലോ ഒട്ടാവിയോയിലൂടെ അൽ സദ്ദ് മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ മുറില്ലോ പെനാൽറ്റിയിലൂടെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും കിരീടത്തിലേക്ക് എത്താൻ അത് മതിയാകുമായിരുന്നില്ല.
ചരിത്രത്തിലാദ്യമായി ലീഗ് കിരീടം സ്വപ്നം കണ്ടെത്തിയ അൽ ശമാലിന് നിരാശയോടെ മടങ്ങേണ്ടി വന്നെങ്കിലും മികച്ച പോരാട്ടമാണ് അവർ കാഴ്ചവെച്ചത്.










