
ദോഹ:ഖത്തർ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള അൽ ഖോർ ലേബർ സർവീസസ് ഓഫീസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി താത്കാലികമായി നിർത്തിവെച്ചു. നവംബർ 5 വ്യാഴാഴ്ച മുതൽ ഓഫീസിൽ നേരിട്ടെത്തിയുള്ള സേവനങ്ങൾ നിർത്തിവെച്ചതായി മന്ത്രാലയം അറിയിച്ചു.
പുതിയ കെട്ടിടത്തിൽ നവംബർ 8 ഞായറാഴ്ച മുതൽ സേവനങ്ങൾ പുനരാരംഭിക്കും.പുതിയ ഓഫീസിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തുന്നതിനായി തൊഴിൽ മന്ത്രാലയം ഔദ്യോഗിക അറിയിപ്പിനൊപ്പം ക്യൂ.ആർ (QR) കോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ചയോ അതിനുശേഷമോ അൽ ഖോർ ലേബർ സർവീസസ് ഓഫീസ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ യാത്ര തിരിക്കുന്നതിന് മുൻപായി മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിച്ച് പുതിയ ലൊക്കേഷൻ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഓഫീസ് മാറ്റം വഴി നിലവിലുള്ള സേവനങ്ങളിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.










