
ദോഹ:വേനലവധിക്കാലത്തിന്റെ മടുപ്പകറ്റി കൗമാരമനസ്സുകളിൽ പുത്തനുണർവ് നിറച്ച് അൽ അറബി സ്പോർട്സ് ക്ലബ്ബിന്റെ യൂത്ത് കമ്മിറ്റി. കായിക-യുവജന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ വേനൽക്കാല പരിപാടികളുടെ ഭാഗമായി കുട്ടികൾക്കായി 'ട്രോക്കാഡെറോ' തീം പാർക്കിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.
ആവേശത്തിരയിളകിയ വിനോദയാത്രയിൽ പങ്കെടുത്ത കുരുന്നുകൾക്ക് കാർ റേസിംഗും ലേസർ ഗെയിമുകളും ഉൾപ്പെടെയുള്ള അത്യാധുനിക ഇലക്ട്രോണിക് വിനോദങ്ങളുടെ മാന്ത്രികലോകമാണ് തുറന്നുകിട്ടിയത്. ദിനചര്യകളുടെ വിരസതയകറ്റി കുട്ടികളുടെ ആത്മവീര്യവും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കാൻ ഈ ഒത്തുചേരൽ സഹായിച്ചു.
കേവലം കായിക വിനോദങ്ങൾക്കപ്പുറം പഠനവും വിനോദവും വ്യക്തിത്വ വികസനവും സമന്വയിപ്പിച്ച് യുവതലമുറയെ സന്മാർഗ്ഗപാതയിൽ വളർത്തിയെടുക്കുക എന്നലക്ഷ്യത്തോടെയാണ് അൽ അറബി സ്പോർട്സ് ക്ലബ് വേനൽക്കാല ക്യാമ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വളർന്നു വരുന്ന തലമുറയിൽ സാമൂഹിക-ദേശീയ അവബോധം വളർത്തുന്നതിനൊപ്പം അവരുടെ പ്രതിഭകളെ നാളത്തെ വാഗ്ദാനങ്ങളാക്കി മാറ്റാനുള്ള ക്ലബ്ബിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ ഉദ്യമത്തിലൂടെ വ്യക്തമാകുന്നത്.










