
ദോഹ: ടെലിവിഷൻ, ഡിജിറ്റൽ, വീഡിയോ പ്രൊഡക്ഷൻ രംഗത്തെ മികവിനുള്ള അന്താരാഷ്ട്ര പുരസ്കാരമായ 2026-ലെ ടെല്ലി അവാർഡുകളിൽ (Telly Awards) മികച്ച നേട്ടവുമായി അൽ അറബി ടെലിവിഷൻ നെറ്റ്‌വർക്ക്. ഡോക്യുമെന്ററി, അന്വേഷണാത്മക പത്രപ്രവർത്തനം, നാടകം, ഫാക്ച്വൽ പ്രൊഡക്ഷൻ എന്നീ വിഭാഗങ്ങളിലായി ഒമ്പത് പുരസ്കാരങ്ങളാണ് നെറ്റ്‌വർക്കും അതിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളും സ്വന്തമാക്കിയത്. അന്താരാഷ്ട്ര മാധ്യമരംഗത്ത് അൽ അറബി നെറ്റ്‌വർക്കിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനവും മികച്ച ദൃശ്യാവിഷ്കാര മികവും തെളിയിക്കുന്നതാണ് ഈ നേട്ടം.
ഒരു സ്വർണ്ണ മെഡലും (Gold Award) അഞ്ച് വെള്ളി മെഡലുകളും (Silver Awards) മൂന്ന് വെങ്കല മെഡലുകളുമാണ് (Bronze Awards) നെറ്റ്‌വർക്കിന് ലഭിച്ചത്.
മാധ്യമപ്രവർത്തനത്തിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്കും മാനുഷിക മൂല്യങ്ങൾക്കും മുൻഗണന നൽകുന്ന ഉള്ളടക്കങ്ങൾക്കുമുള്ള അംഗീകാരമാണ് ഈ അവാർഡുകളെന്ന് നെറ്റ്‌വർക്ക് അധികൃതർ വ്യക്തമാക്കി.
അവാർഡ് നേടിയ എല്ലാ പ്രൊഡക്ഷനുകളും അൽ അറബി പ്ലസ് (Alaraby Plus) ആപ്പിൽ സൗജന്യമായി ലഭ്യമാണ്. ഫദാത് മീഡിയ ഗ്രൂപ്പിന്റെ (Fadaat Media Group) കീഴിലുള്ള എല്ലാ ചാനലുകളും ഉൾപ്പെടുത്തി ഈ വർഷം ആദ്യമാണ് അൽ അറബി പ്ലസ് ആപ്പ് പുതിയ രൂപത്തിൽ റീലോഞ്ച് ചെയ്തത്.










