
തിരുവനന്തപുരം: എ.കെ.ജി. സെന്ററിന്റെയും കേരള സർവകലാശാല ആസ്ഥാനത്തെയും ഭൂമി തിട്ടപ്പെടുത്താൻ റവന്യൂവകുപ്പ് ഇന്ന് അളവ് തുടങ്ങും. സർവകലാശാലയുടെ സ്ഥലം സി.പി.എം കൈയേറിയെന്ന പരാതിയിൽ ഹൈക്കോടതിയാണ് നിർദേശം നൽകിയത്. സർവകലാശാലയുടെ ഭൂമി ആദ്യം അളക്കുമെന്ന് തിരുവനന്തപുരം തഹസിൽദാർ അനീഷ് പറഞ്ഞു. രണ്ടും ഒരുമിച്ച് അളക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ടു സർവേ നമ്പറുകളിലായുള്ള ഭൂമിയാണ് അളക്കുന്നത്.
1977ൽ എ.കെ. ആന്റണി സർക്കാർ എ.കെ.ജി സ്മാരക സമിതിക്ക് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിന് ഭൂമി സൗജന്യമായി വിട്ടു നൽകിയിരുന്നു. അനുവദിച്ചതിൽ കൂടുതൽ സ്ഥലം കൈയടക്കി എന്നാണ് ആക്ഷേപം.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ. എസ്. ശശികുമാറിനു വേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഭൂമിയളക്കാൻ ഉത്തരവിട്ടത്. സർവേയിൽ സർവകലാശാലയുടെയും എ.കെ.ജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകണം. ഇതിനായി യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും റവന്യു വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
ഗവേഷണ കേന്ദ്രം തുടങ്ങാതെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററായി പ്രവർത്തിപ്പിച്ചത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.










