12:24pm 12 November 2026
NEWS
​സത്യപ്രതിജ്ഞ പത്തിന്; മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി മുറുകുന്നു; അജയ് മാക്കനും മുകൾ വാസനിക്കും ഇന്ന് കേരളത്തിൽ
06/05/2026  07:44 AM IST
​സുരേഷ് വണ്ടന്നൂർ
​സത്യപ്രതിജ്ഞ പത്തിന്; മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി മുറുകുന്നു; അജയ് മാക്കനും മുകൾ വാസനിക്കും ഇന്ന് കേരളത്തിൽ

​തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണത്തലവനെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയാണ്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രി പദത്തിനായി അണിയറ നീക്കങ്ങൾ സജീവമാകുന്നതിനിടെ, എം.എ.ല്ലെമാരുടെ അഭിപ്രായം തേടാനായി ഹൈക്കമാൻഡ് നിരീക്ഷകർ ഇന്ന് കേരളത്തിലെത്തും. അജയ് മാക്കൻ, മുകൾ വാസനിക് എന്നിവരെയാണ് എം.എൽ.എമാരുടെ നിലപാട് അറിയാനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ നിയോഗിച്ചിരിക്കുന്നത്.
​മെയ് പത്തിന് മുമ്പ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന ലക്ഷ്യത്തോടെ രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തുന്ന നിരീക്ഷകർ ഓരോ എം.എൽ.എമാരുമായും വ്യക്തിപരമായി സംസാരിച്ച് റിപ്പോർട്ട് തയ്യാറാക്കും.
​നേതാക്കളുടെ കരുത്തും വെല്ലുവിളികളും:
​കെ.സി. വേണുഗോപാൽ: ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നതാണ് ഹൈക്കമാൻഡിൽ വലിയ സ്വാധീനമുള്ള കെ.സി. വേണുഗോപാലിന്റെ കരുത്ത്. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ കെ.സിക്കായി പരസ്യമായി രംഗത്തുണ്ട്. എന്നാൽ അദ്ദേഹം മുഖ്യമന്ത്രിയായാൽ രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നേരിടേണ്ടി വരുമെന്നതും, സിറ്റിംഗ് എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന പാർട്ടി തീരുമാനം ലംഘിക്കപ്പെടുന്നതും വലിയ വെല്ലുവിളിയാണ്.
​വി.ഡി. സതീശൻ: പ്രതിപക്ഷ നേതാവെന്ന നിലയിൽ മുന്നണിയെ വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെയും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുടെയും പിന്തുണയുണ്ട്. കൊച്ചിയിൽ സതീശന് ലഭിച്ച ആവേശോജ്ജ്വലമായ സ്വീകരണം അദ്ദേഹത്തിന്റെ ജനപ്രീതിക്ക് തെളിവായി ഹൈക്കമാൻഡ് വിലയിരുത്തുന്നു.
​രമേശ് ചെന്നിത്തല: സീനിയോറിറ്റി പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി രമേശ് ചെന്നിത്തലയും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. 2021-ൽ ഭൂരിപക്ഷം എം.എൽ.എമാർ പിന്തുണച്ചിട്ടും തനിക്ക് പദവി നിഷേധിക്കപ്പെട്ട സാഹചര്യവും അന്ന് സോണിയ ഗാന്ധി നൽകിയ ഉറപ്പും ചെന്നിത്തല ആയുധമാക്കുന്നു. വിഷയത്തിൽ നേരിട്ട് ചർച്ച നടത്താൻ അദ്ദേഹം ഇന്ന് ഡൽഹിക്ക് തിരിക്കും.
​സമവായ നീക്കങ്ങൾ
​കെ.സി. വേണുഗോപാൽ പിന്മാറിയാൽ രമേശ് ചെന്നിത്തലയെ പരിഗണിക്കുകയും സതീശന് പ്രധാന വകുപ്പുകൾ നൽകുകയും ചെയ്യുന്ന സമവായ ഫോർമുലയും ഹൈക്കമാൻഡിന് മുന്നിലുണ്ട്. ഡൽഹിയിൽ മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ ഇതിനോടകം പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. അജയ് മാക്കനും മുകൾ വാസനിക്കും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ പുതിയ നായകനെ ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img