11:29pm 13 August 2026
NEWS
സ്വാതന്ത്ര്യ ദിനാഘോഷം നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്
13/08/2026  09:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്വാതന്ത്ര്യ ദിനാഘോഷം  നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ  ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി.ചടങ്ങിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ പങ്കെടുത്തു. അദ്ദേഹത്തെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ സ്വീകരിച്ചു. വ്യോമസേനയിലെയും മറ്റ് സേനാ വിഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, വിമുക്തഭടന്മാർ തുടങ്ങിയവർ പങ്കെടുത്തു. ദക്ഷിണ വ്യോമ സേനയുടെ  സംഗീത വിരുന്ന് ആസ്വദിക്കാൻ വലിയ ജനാവലിയാണ് എത്തിയത്. കൃത്യത, ഈണം, ദേശസ്‌നേഹം എന്നിവ സംയോജിപ്പിച്ച പ്രകടനം കാണാൻ എല്ലാ മേഖലകളിൽ നിന്നുമുള്ള പൗരന്മാർ കനകക്കുന്നിൽ ഒത്തുകൂടി.  

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങൾക്കും, രാജ്യത്തിന്റെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിൽ സായുധ സേനയുടെ ധീരതയ്ക്കും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സംഗീത വിരുന്ന് നടന്നത്.

നിശാഗന്ധിയിലെ നിറഞ്ഞ സദസ്സിന് മുമ്പിൽ ബാൻഡ് മാസ്റ്റർ, ജെ.ഡബ്ല്യു.ഒ. ജോസ് മാത്യു ക്ലീറ്റസിന്റെ നേതൃത്വത്തിൽ 24 സംഗീതജ്ഞർ ഉൾപ്പെട്ട എയർഫോഴ്സ് ബാൻഡാണ്  സംഗീത വിരുന്ന് ഒരുക്കിയത്. മാ തുജേ സലാം, ദിൽ സേ റേ,  വന്ദേ മാതരം ഉൾപ്പെടെയുള്ള ഗാനങ്ങൾ കാണികൾക്ക് ഏറെ ആസ്വാദ്യകരമായി.ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ അവിസ്മരണീയമാക്കുന്നതായിരുന്നു സേനയുടെ സംഗീത സന്ധ്യ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img