03:30am 18 May 2026
NEWS
​എ.ജി, ഡി.ജി.പി പദവികളിലേക്ക് കടുത്ത മത്സരം; വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും
17/05/2026  07:21 PM IST
സുരേഷ് വണ്ടന്നൂർ
​എ.ജി, ഡി.ജി.പി പദവികളിലേക്ക് കടുത്ത മത്സരം; വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും

 

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തുകയും വി.ഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ പരമോന്നത നിയമപദവികളായ അഡ്വക്കേറ്റ് ജനറൽ (AG), ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (DGP) നിയമനങ്ങൾക്കായി അണിയറയിൽ ചർച്ചകൾ സജീവം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് എ.ജിയായിരുന്ന കെ. ഗോപാലകൃഷ്ണക്കുറുപ്പിന് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകളാണ് നിയമ-രാഷ്ട്രീയ വൃത്തങ്ങളിൽ പുരോഗമിക്കുന്നത്.
​ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പുതിയ നിയമനങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി ഏറെ വിശ്വാസമുള്ളൊരാളെയായിരിക്കും എ.ജി പദവിയിലേക്ക് പരിഗണിക്കുകയെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
​എ.ജി പദവിയിലേക്ക് മുൻനിരയിൽ ജോർജ് പൂന്തോട്ടവും ജാജു ബാബുവും
​കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ ജോർജ് പൂന്തോട്ടം, ജാജു ബാബു എന്നിവരുടെ പേരുകളാണ് എ.ജി പദവിയിലേക്ക് സജീവമായി പരിഗണിക്കപ്പെടുന്നത്.
​അഡ്വ. ജോർജ് പൂന്തോട്ടം: കെ.എസ്.യു മുൻ ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സമിതി അംഗവുമായ ജോർജ് പൂന്തോട്ടത്തിന് കോൺഗ്രസ് നേതൃത്വവുമായി ശക്തമായ ബന്ധമുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയ നിരവധി സുപ്രധാന കേസുകളിൽ ഇദ്ദേഹമാണ് ഹൈക്കോടതിയിൽ ഹാജരായത്. സ്പ്രിംക്ലർ ഡാറ്റാ വിവാദം, 2019-ലെ പോലീസ് പോസ്റ്റൽ ബാലറ്റ് തിരിമറി, പ്രളയബാധിതർക്കുള്ള നഷ്ടപരിഹാര ട്രൈബ്യൂണൽ തുടങ്ങിയ പൊതുതാത്പര്യ ഹർജികളിലും വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് വേണ്ടിയും അദ്ദേഹം കോടതിയിൽ ഹാജരായിട്ടുണ്ട്.
​അഡ്വ. ജാജു ബാബു: മുൻപ് ഗവർണറുടെ നിയമോപദേശകനായും സർവകലാശാല ചാൻസലറുടെ സ്റ്റാൻഡിങ് കൗൺസലായും പ്രവർത്തിച്ച പരിചയസമ്പത്താണ് ജാജു ബാബുവിനുള്ളത്. നിലവിൽ കൊച്ചി മെട്രോയുടെ (KMRL) ഡെസിഗ്നേറ്റഡ് സീനിയർ കൗൺസലായ ഇദ്ദേഹത്തിന് കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്.
​ഡി.ജി.പി പദവിയിലേക്ക് ടി. ആസഫ് അലി വീണ്ടുമെത്തിയേക്കും
​ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പദവിയിലേക്ക് കോൺഗ്രസ് നേതാവും മുൻ ഡി.ജി.പിയുമായ ടി. ആസഫ് അലിയുടെ പേരിനാണ് മുൻഗണന. 2011-2016 യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ അദ്ദേഹത്തിന്റെ മികച്ച പ്രവർത്തന പരിചയം അനുകൂല ഘടകമാണ്. ശുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലപാതകം എന്നിവയിൽ സി.ബി.ഐ അന്വേഷണം ഉറപ്പാക്കുന്നതിൽ ഇദ്ദേഹം ഹൈക്കോടതിയിൽ നിർണായക ഇടപെടലുകൾ നടത്തിയിരുന്നു.
​അഡിഷണൽ എ.ജി, എ.ഡി.ജി.പി പദവികൾക്കായി ഘടകകക്ഷികളും രംഗത്ത്
​രണ്ട് അഡിഷണൽ എ.ജി (AAG), രണ്ട് അഡിഷണൽ ഡി.ജി.പി (ADGP) പദവികളിൽ ഓരോന്ന് വീതം ലീഗിന് നൽകാനാണ് സാധ്യത.
​മുസ്ലിം ലീഗ് ക്വാട്ട: ലീഗ് നേതാവും ഹൈക്കോടതി അഭിഭാഷകനുമായ മുഹമ്മദ് ഷാ അഡിഷണൽ എ.ജി ആയേക്കും. എ.ഡി.ജി.പി പദവിയിലേക്ക് അഡ്വ. മുഹമ്മദ് ഷാഫി, ഷിബിലി നഹ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
​കേരള കോൺഗ്രസ് (ജോസഫ്) ക്വാട്ട: രണ്ടാമത്തെ അഡിഷണൽ എ.ജി പദവി കേരള കോൺഗ്രസിന് നൽകിയാൽ അഡ്വ. കെ.ഡി വിൻസെന്റ്, മുൻ എം.പി പി.സി തോമസ് എന്നിവരിലൊരാൾക്ക് സാധ്യതയുണ്ട്.
​കോൺഗ്രസ് ക്വാട്ട: രണ്ടാമത്തെ അഡിഷണൽ പദവികൾ കോൺഗ്രസ് തന്നെ നിലനിർത്തുകയാണെങ്കിൽ എ.ഡി.ജി.പി സ്ഥാനത്തേക്ക് അഡ്വ. കെ.ആർ സുനിൽ, അടുക്കൻ ജോയ് എന്നിവരെയും പരിഗണിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img