
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങൾക്കു താഴെ മുൻ ഭർത്താവ് കിച്ചു ടെല്ലസിനെ പരാമർശിച്ച് എത്തിയ പരിഹാസത്തിന് ശക്തമായ മറുപടിയുമായി നടി റോഷ്ന ആൻ റോയ്. ‘കിച്ചു രക്ഷപ്പെട്ടു’ എന്ന കമന്റിന് ‘അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു’ എന്നായിരുന്നു താരത്തിന്റെ മറുപടി. റോഷ്നയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
പെയ്ഡ് സബ്സ്ക്രിപ്ഷൻ സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഗ്ലാമറസ് ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രങ്ങൾ പുറത്തുവന്നതോടെ സബ്സ്ക്രിപ്ഷൻ ആരംഭിക്കണമെന്ന ആവശ്യവുമായി നിരവധി പേർ കമന്റ് ചെയ്തു. ഇതിന് പിന്നാലെ സേവനം തുടങ്ങിയതായി റോഷ്ന അറിയിക്കുകയും ചെയ്തു. 390 രൂപയാണ് സബ്സ്ക്രിപ്ഷന് ഈടാക്കുന്നത്.
എന്നാൽ ചിത്രങ്ങൾക്കു താഴെ ഒരാൾ നടത്തിയ കമന്റാണ് കൂടുതൽ ശ്രദ്ധ നേടിയത്. കിച്ചുവിനെ പരാമർശിച്ച് ‘കിച്ചു രക്ഷപ്പെട്ടു’ എന്നായിരുന്നു പരിഹാസം. ഇതിന് മറുപടിയായി തന്റെ ജീവിതാനുഭവത്തെ അതിജീവനവുമായി ബന്ധിപ്പിച്ചായിരുന്നു റോഷ്നയുടെ പ്രതികരണം.
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെയാണ് റോഷ്ന ശ്രദ്ധേയയാകുന്നത്. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, ‘സുൽ’, ‘ധമാക്ക’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടൻ കിച്ചു ടെല്ലസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ വർഷമാണ് റോഷ്ന പരസ്യമായി അറിയിച്ചത്.
‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ പോത്ത് വർക്കി എന്ന കഥാപാത്രത്തിലൂടെയാണ് കിച്ചു ടെല്ലസ് പ്രേക്ഷകശ്രദ്ധ നേടിയത്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം, ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘അജഗജാന്തരം’ സിനിമയുടെ തിരക്കഥാകൃത്തുമാണ്.










