
ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ സുപ്രധാന നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. നടൻ ജയറാമിനെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തു. നടന്റെ ചെന്നൈയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത് എന്നാണ് റിപ്പോർട്ട്. സ്വർണക്കൊള്ളകേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ച് വിശദമായി മൊഴി നൽകിയെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശബരിമലയിൽ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യമായി പരിചപ്പെട്ടതെന്നാണ് താരം മൊഴിനൽകിയതെന്നും റിപ്പോർട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റി പല തവണ തന്റെ വീട്ടിൽ എത്തിയതും, പലതവണ വീട്ടിൽ പൂജകൾ നടത്തിയതും ജയറാം പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നും, പോറ്റിയുമായി സാമ്പത്തിക ഇടപാടില്ലെന്നും ജയറാം എസ്ഐടിയോട് വ്യക്തമാക്കി. "പാളികൾ വീട്ടിലെത്തിച്ച് പൂജ ചെയ്യാൻ പോറ്റിയാണ് ആവശ്യപ്പെട്ടത്" എന്നും ജയറാം മൊഴിയിൽ പറയുന്നു. എസ്ഐടി, മൊഴി വിശദമായി പരിശോധിച്ചതിന് ശേഷം ആവശ്യമായ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യൽ നടത്തുമെന്നും സൂചനയുണ്ട്.
ദേവസ്വം ബോർഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണം പൂശാൻ നൽകിയ പതിനാല് സ്വർണപ്പാളികളായിരുന്നു ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയത്. 2019ലായിരുന്നു ഈ സംഭവം. ചെന്നൈയിൽ സ്വർണം പൂശിയ ശേഷം പാളികൾ ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ ചെയ്യുകയായിരുന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ രൂപത്തിൽ ആക്കിയ ശേഷം പൂജ ചെയ്യുകയായിരുന്നു. ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു. സ്വർണപ്പാളി പൂജ ചെയ്ത ശേഷമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.










