
തിരുവനന്തപുരം: തലസ്ഥാത്ത് വെച്ച് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനവുമായി കൂട്ടിയിടിച്ചതാണ് വാക്കേറ്റത്തിനും തുടർന്ന് കസ്റ്റഡിയിലെടുക്കുന്നതിനും കാരണമായത്. മ്യൂസിയം പോലീസ് നൽകിയ വിവരങ്ങൾ അനുസരിച്ച്, വിനോദ് കൃഷ്ണയുടെ വാഹനം യു-ടേൺ എടുക്കുന്നതിനിടെ മാധവിന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഏകദേശം 15 മിനിറ്റോളം ഇരുവരും തമ്മിൽ തർക്കമുണ്ടായി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ വിനോദ് കൃഷ്ണ തന്നെ കൈകൊണ്ട് തടഞ്ഞെന്നും തന്റെ കാറിൽ അടിച്ചെന്നും മാധവ് ആരോപിക്കുന്നത് കാണാം. ഇതിൽ മാധവ് വിനോദ് കൃഷ്ണയുടെ കാറിന്റെ ബോണറ്റിൽ അടിക്കുന്നതും വഴി തടയുന്നതും ദൃശ്യമാണ്.
പോലീസ് നടപടികൾ
സംഭവം നടന്ന ഉടൻ തന്നെ വിനോദ് കൃഷ്ണ പോലീസിനെ വിളിക്കുകയായിരുന്നു. മാധവ് മദ്യപിച്ച് വാഹനമോടിച്ചെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് മാധവിനെ വൈദ്യപരിശോധനക്കായി കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തെ പോലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ബ്രീത്ത് അനലൈസർ ടെസ്റ്റിന് വിധേയനാക്കുകയും ചെയ്തു. വിനോദ് കൃഷ്ണയെയും പോലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
പരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഇരുവരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു. വിനോദ് കൃഷ്ണയ്ക്ക് പരാതിയില്ലെന്ന് എഴുതി നൽകിയതോടെ പോലീസ് മാധവിനെ വിട്ടയച്ചു. വിനോദ് കൃഷ്ണ പരാതി നൽകാത്തതിനാൽ മാധവിനെതിരെ കേസെടുത്തിട്ടില്ല.











