
ന്യൂഡൽഹി: യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയെ ഏകദേശം 14 മാസത്തോളം വിചാരണക്കോടതിയിൽ ഹാജരാക്കാത്തതിൽ അതിശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. പ്രതിയെ ഹാജരാക്കാത്തതിനാൽ കുറ്റം ചുമത്തൽ വൈകിയെന്ന ബിഹാർ സർക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനോടും ഗയയിലെ ബന്ധപ്പെട്ട വിചാരണക്കോടതിയോടും വിശദീകരണം തേടി.
ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഇത്രയും കാലം പ്രതിയെ ഹാജരാക്കാതിരുന്നതിന്റെ കാരണവും ഇതുവരെ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകന് കഴിഞ്ഞില്ലെന്ന് കോടതി രേഖപ്പെടുത്തി.
പ്രതിയെ ഹാജരാക്കാൻ വിചാരണക്കോടതിയും ആവശ്യപ്പെട്ടില്ലെന്നത് ആശ്ചര്യകരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. പ്രതിയുടെ ഹാജർ ഉറപ്പാക്കാത്തതാണ് കുറ്റം ചുമത്തുന്നതിന് തടസ്സമായതെന്ന സത്യവാങ്മൂലത്തിലെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഇടപെടൽ.
പട്‌ന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ ചോദ്യംചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. യുഎപിഎ, ഇന്ത്യൻ ശിക്ഷാനിയമം, സ്ഫോടകവസ്തു നിയമം, ആയുധനിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ആരോപിച്ചിരിക്കുന്നത്. പ്രതി നക്സലൈറ്റ് സംഘത്തിലെ സജീവാംഗമാണെന്നും റെയ്ഡിൽ ഇയാളിൽനിന്നും മറ്റുള്ളവരിൽനിന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെടുത്തെന്നുമാണ് പ്രോസിക്യൂഷന്റെ ആരോപണം.
പ്രതിയെ കോടതിയിൽ ഹാജരാക്കാതിരുന്നതിന്റെ യഥാർഥ കാരണം വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് സുപ്രീംകോടതി നിർദേശം നൽകി. ബന്ധപ്പെട്ട വിചാരണക്കോടതിയിൽനിന്ന് റിപ്പോർട്ട് ശേഖരിക്കാൻ പട്‌ന ഹൈക്കോടതി രജിസ്ട്രാർ ജനറലിനോടും ആവശ്യപ്പെട്ടു. ഈ റിപ്പോർട്ട് നവംബർ 15നകം മുദ്രവെച്ച കവറിൽ സുപ്രീംകോടതി രജിസ്ട്രിയിൽ സമർപ്പിക്കണം.
കേസിലെ മുഖ്യപ്രതിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന്, ഹർജിക്കാരന്റെ സാഹചര്യം മുഖ്യപ്രതിയുടേതിനെക്കാൾ ജാമ്യത്തിന് അനുകൂലമാണെന്ന് വിലയിരുത്തിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചു.
ഹർജി നവംബർ 17ന് വീണ്ടും പരിഗണിക്കും.










