
ബംഗളുരു: പ്രശസ്തമായ ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം രാജ്യത്തെ നടുക്കം കൊള്ളിച്ചിരുന്നു. നൂറു കണക്കിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹം ക്ഷേത്രപരിസരത്ത് അതീവ രഹസ്യമായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും അവരെല്ലാം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്നും വെളിപ്പെടുത്തിയത് ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായിരുന്നു. കോടതിയിൽ നിന്നും വിസിൽ ബ്ലോയർ പരിരക്ഷ സമ്പാദിച്ച് മുഖംമൂടി ധരിച്ചായിരുന്നു അയാളുടെ വെളിപ്പെടുത്തൽ. ആരാണ് അയാളെന്ന് പൊതുസമൂഹത്തിന് ആദ്യം മനസ്സിലായിരുന്നില്ല. ഭീതിയും സസ്പെൻസും വർധിക്കാൻ അതിടയാക്കി. സിദ്ധരാമയ്യ ഗവണ്മെന്റ് എസ് ഐ ടി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അയാൾ ചൂണ്ടിക്കാട്ടിയ പതിനാറിടങ്ങളിൽ കുഴിച്ചു പരിശോധിച്ചിട്ടും എസ് ഐ ടിയ്ക്ക് മൃതദേഹാവശിഷ്ടങ്ങൾ കണ്ടുകിട്ടിയില്ല. വ്യാജപരാതിയുടെ പേരിൽ വെളിപ്പെടുത്തലുകാരനെ പ്രതിയാക്കി കേസ്സെടുത്തപ്പോഴാണ് അയാൾ സി എൻ ചിന്നയ്യയാണെന്ന് മനസ്സിലായത്. അയാളുടെ പിന്നിൽ വൻഗൂഢാലോചനസംഘ മുണ്ടെന്ന് തെളിഞ്ഞു. ഹിന്ദു ജാഗരന വേദി നേതാവ് മഹേഷ് ഷെട്ടി തിമരോടി, ആക്ഷൻ കൗൺസിൽ തലവൻ ഗിരീഷ് മട്ടനവർ, വിട്ടലഗൗഡ, ടി ജയന്ത് എന്നിവരായിരുന്നു ഗൂഢാലോചനക്കാർ. അവർക്ക് മഞ്ജുനാഥ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ വീരേന്ദ്ര ഹെഗ്ഗാഡെയോട് വ്യക്തി വിദ്വേഷമുണ്ടായിരുന്നു. അദ്ദേഹത്തെയും ക്ഷേത്രത്തെയും അപകീർത്തിപ്പെടുത്താനാണ് ഗൂഢാലോചന നടന്നത്. 200 കോടിയുടെ ഇടപാടാണ് അവർ ആസൂത്രണം ചെയ്തതെന്നും തനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെന്നും ചിന്നയ്യ ഹൈക്കോടതിയെ അറിയിച്ചു. സിനിമാനടൻ പ്രകാശ് രാജ് ഫോണിലൂടെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നെന്നും ചിന്നയ്യ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.എന്നാൽ അത് അസത്യമാണെന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു. ഗൂഢാലോചനയുടെ എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം നൽകണമെന്നും ചിന്നയ്യ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണറിപ്പോർട്ട് മുഴുവൻ ഹാജരാക്കാൻ ഹൈക്കോടതി എസ്ഐടിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ വിവരങ്ങളൊന്നും എസ് ഐ ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Photo Courtesy - Google










