ഒളിവിലുള്ള എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിലേക്ക്: 'രാഷ്ട്രീയ ഗൂഢാലോചന; ഭർത്താവ് ബി.ജെ.പി നേതാവ്'

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ജീവപര്യന്തം തടവു കിട്ടാവുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കേസ്. പിന്നാലെ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും പരാതിക്ക് പിന്നിൽ സി.പി.എം-ബി.ജെ.പി രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിന്റെ ഭാവിയിൽ കോടതിയുടെ നിലപാട് നിർണായകമാകും.
ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. രാഹുൽ നിലവിൽ ഒളിവിലാണെന്നും സംസ്ഥാനം വിട്ടതായാണ് സൂചനയെന്നും പോലീസ് അറിയിച്ചു.
എഫ്.ഐ.ആറിൽ ക്രൂരപീഡനത്തിന്റെ വിശദാംശങ്ങൾ
റൂറൽ എസ്.പി കെ.എസ്.സുദർശനന്റെ നേതൃത്വത്തിൽ യുവതിയുടെ അഞ്ചര മണിക്കൂർ മൊഴിയെടുത്തതിന് ശേഷമാണ് ഭാരതീയ ന്യായസംഹിതയിലെയും (ബി.എൻ.എസ്) ഐ.ടി ആക്ടിലെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വലിയമല പോലീസ് കേസെടുത്തത്. ബലാത്സംഗം നടന്നത് നേമം സ്റ്റേഷൻ പരിധിയിലായതിനാൽ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകൾ അവിടേക്ക് കൈമാറി.
എഫ്.ഐ.ആർ പ്രകാരം പീഡനം നടന്ന സംഭവങ്ങൾ:
2025 മാർച്ച് 4: തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ച് പീഡനം.
മാർച്ച് 17: ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ പകർത്തി. ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഏപ്രിൽ 22: ഗർഭിണിയായ ശേഷം ഫ്ലാറ്റിൽ വെച്ച് വീണ്ടും പീഡനം.
മേയ് അവസാന ആഴ്ച: രാഹുലിന്റെ പാലക്കാട്ടുള്ള ഫ്ലാറ്റിൽ വെച്ച് രണ്ട് ദിവസങ്ങളിലായി പീഡിപ്പിച്ചു.
ഗർഭച്ഛിദ്രം: രാഹുൽ നിർബന്ധിപ്പിച്ച് ഗുളികകൾ കഴിപ്പിച്ച് ഗർഭച്ഛിദ്രം നടത്തി. ഗർഭച്ഛിദ്രത്തിന് മരുന്ന് എത്തിച്ച സുഹൃത്ത് ജോബി ജോസഫ് കേസിൽ രണ്ടാം പ്രതിയാണ്.
ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ
കേസിൽ ചുമത്തിയിട്ടുള്ള പ്രധാന വകുപ്പുകൾ ഇവയാണ്:കുറ്റകൃത്യം വകുപ്പ് ശിക്ഷ
വിശ്വാസം മുതലെടുത്തുള്ള തുടർച്ചയായ ബലാത്സംഗം ബി.എൻ.എസ്- 64(2)(എഫ്) 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ്
ഗർഭിണിയാണെന്നറിഞ്ഞിട്ടും ബലാത്സംഗം ബി.എൻ.എസ്- 64(2)(എച്ച്) ജീവപര്യന്തം വരെ തടവ്
നിർബന്ധിച്ചുള്ള ഗർഭഛിദ്രം ബി.എൻ.എസ്- 89, പത്ത് വർഷം തടവ് അല്ലെങ്കിൽ ജീവപര്യന്തം
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി ഐ.ടി. ആക്ട് 66(ഇ) 3 വർഷം തടവും 2 ലക്ഷം രൂപ പിഴയും രാഹുലിന്റെ വാദങ്ങൾ
മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിക്കുന്ന പ്രധാന വാദങ്ങൾ:
ഗർഭത്തിന് ഉത്തരവാദി ഭർത്താവ്: ഗർഭത്തിന് യുവതിയുടെ ഭർത്താവാണ് ഉത്തരവാദിയെന്നും ഗർഭച്ഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരമായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.
ഗൂഢാലോചന: യുവതിയുടെ ഭർത്താവ് ബി.ജെ.പി നേതാവാണ്. പരാതിക്ക് പിന്നിൽ സി.പി.എം, ബി.ജെ.പി എന്നിവരുടെ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.
ദുരൂഹത: തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിൽ ദുരൂഹതയുണ്ട്.
നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ രാജ്യം വിടാതിരിക്കാൻ ഇമിഗ്രേഷൻ ബ്യൂറോയ്ക്ക് പോലീസ് വിവരം കൈമാറിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ദീപക് ധൻകറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.











