
ന്യൂഡൽഹി: രാജ്യത്തെ നിയമമേഖലയെ ഒന്നടങ്കം നടുക്കുന്ന വെളിപ്പെടുത്തലുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI). വിവിധ കോടതി സമുച്ചയങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നവരിൽ 35 മുതൽ 40 ശതമാനം വരെയുള്ള ആളുകൾ വ്യാജ അഭിഭാഷകരാകാമെന്ന് ബി.സി.ഐ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര വെളിപ്പെടുത്തി. വ്യാജമായി നിർമ്മിച്ചതോ പണം കൊടുത്ത് വാങ്ങിയതോ ആയ നിയമബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ഇത്രയധികം പേർ ഈ രംഗത്തേക്ക് കടന്നുകൂടിയതെന്നാണ് സംശയിക്കുന്നത്.
അഭിഭാഷകരുടെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കുന്നതിനായി ബി.സി.ഐ ആരംഭിച്ച വെരിഫിക്കേഷൻ നടപടികളാണ് ഈ ഗുരുതര പ്രതിസന്ധി പുറത്തുകൊണ്ടുവന്നത്. പരിശോധനയുടെ ഭാഗമായി യോഗ്യതാ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ രാജ്യത്തെ ഏകദേശം 40 ശതമാനത്തോളം അഭിഭാഷകർ അതിനോട് പ്രതികരിച്ചില്ല. ഇതാണ് ഇത്രയധികം പേർ വ്യാജൻമാരാണെന്ന ശക്തമായ സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്.
ചീഫ് ജസ്റ്റിസിന്റെ ഇടപെടലും സി.ബി.ഐ അന്വേഷണ സാധ്യതയും
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബാർ കൗൺസിൽ അധ്യക്ഷൻ ഇക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന അഭിഭാഷക പദവികൾ നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടയിൽ ചീഫ് ജസ്റ്റിസും ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബി.സി.ഐ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ തട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ (CBI) അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ചീഫ് ജസ്റ്റിസിന്റെ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പരാമർശം യഥാർത്ഥ അഭിഭാഷകരെയോ യുവ അക്ടീവിസ്റ്റുകളെയോ ഉദ്ദേശിച്ചുള്ളതല്ലെന്നും, മറിച്ച് വ്യാജ സർട്ടിഫിക്കറ്റുകളുമായി നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്ന ഇത്തരം ആളുകളെ ലക്ഷ്യമിട്ടാണെന്നും മനൻ കുമാർ മിശ്ര വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയ്ക്ക് ഭീഷണി
കോടതികളുടെ സുഗമമായ പ്രവർത്തനവും വിശ്വാസ്യതയും പൂർണ്ണമായും നിലനിൽക്കുന്നത് അഭിഭാഷകരുടെ യോഗ്യതയിലും ധാർമ്മികതയിലുമാണ്. എന്നാൽ യാതൊരു യോഗ്യതയുമില്ലാത്തവർ വ്യാജരേഖകളുമായി കോടതികളിൽ വാദിക്കാൻ ഇറങ്ങുന്നത് നീതി തേടിയെത്തുന്ന സാധാരണക്കാരായ കക്ഷികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. അതുകൊണ്ടുതന്നെ നിയമമേഖലയെ ശുദ്ധീകരിക്കാനും പൊതുജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനും ബി.സി.ഐയുടെ ഈ പരിശോധന അത്യന്താപേക്ഷിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.











