
ന്യൂഡൽഹി:ഡ്രൈവിംഗ് ലൈസൻസും, വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട്, ഡ്രൈവിംഗ് ലൈസൻസ് ഉടമകളും വാഹന ഉടമകളും മൊബൈൽ നമ്പർ ആധാർ വഴി ലിങ്ക് ചെയ്യുന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കി. റോഡ് ഗതാഗത മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
കൂടുതൽ കാര്യക്ഷമമായ ആശയവിനിമയത്തിനും ഗതാഗത സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. ഔദ്യോഗിക 'വാഹൻ', 'സാരഥി' പോർട്ടലുകൾ വഴി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കും.
ഈ പോർട്ടലുകളിൽ വിവരങ്ങൾ പൂർണ്ണവും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓൺലൈൻ സൗകര്യം ലഭ്യമാണ്. വിവരങ്ങൾ മാറ്റിക്കൊണ്ട് പിഴ അടയ്ക്കുന്നത് ഒഴിവാക്കുന്ന ആളുകളെ കണ്ടെത്താനും ഈ നടപടി സഹായിക്കും. ഡ്രൈവിംഗ് ലൈസൻസ് ഉടമകളും വാഹന ഉടമകളും ഉടൻ തന്നെ ഈ നിർദ്ദേശം പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. സംസ്ഥാന ഗതാഗത വകുപ്പുകൾ ഇതിനോടകം തന്നെ ജനങ്ങൾക്ക് അലേർട്ടുകൾ അയച്ചു തുടങ്ങി.











