
കൊല്ലത്തുള്ള ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ സ്ഥാപിതമാവുന്ന വിഖ്യാത ചിത്രകാരന്‍ എ. രാമചന്ദ്രന്‍ മ്യൂസിയം ഒക്ടോബര്‍ 5ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എ. രാമചന്ദ്രന്‍ മ്യൂസിയം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ. രാമചന്ദ്രന്‍റെ ഭാര്യയും ചിത്രകാരിയുമായ ടാന്‍ യുവാന്‍ ചാമേലി മുഖ്യാതിഥിയായി പങ്കെടുക്കും. നാസയില്‍ ശാസ്ത്രജ്ഞനായ മകന്‍ രാഹുല്‍ രാമചന്ദ്രന്‍, കാനഡയില്‍ സിസ്റ്റം എന്‍ജിനിയറായ മകള്‍ സുജാത രാമചന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍, മന്ത്രി ചിഞ്ചുറാണി, മന്ത്രി ഗണേഷ് കുമാര്‍, എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, കൊല്ലം മേയര്‍ ഹണി ബെഞ്ചമിന്‍, മുകേഷ് എം.എല്‍.എ, അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഗോബര്‍ഗഡേ, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, കൊല്ലം കളക്ടര്‍ ദേവിദാസ് എന്‍ (ഐ.എ.എസ്), കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എബി എന്‍. ജോസഫ്, മ്യൂസിയം ക്യൂറേറ്ററായ ശിവകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മ്യൂസിയത്തിന്‍റെ ലോഗോ തിരുവനന്തപുരത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. എ. രാമചന്ദ്രന്‍റെ 'ദി സോങ്ങ് ഓഫ് ദി സിംബൂള്‍ ട്രീ'എന്ന പ്രശസ്തമായ ചിത്രത്തില്‍ നിന്നും വികസിപ്പിച്ചതായിരുന്നു ലോഗോ. എ. രാമചന്ദ്രന്‍ മ്യൂസിയത്തില്‍, രാമചന്ദ്രന്‍റെ സമഗ്ര കലാ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രങ്ങള്‍ കൂടാതെ, അദ്ദേഹത്തിന്‍റെ പ്രശസ്തമായ ശില്പങ്ങളും, സിറാമിക്കുകളും, സ്റ്റാമ്പ് ഡിസൈനുകളും, കുട്ടികള്‍ക്കായുള്ള ബുക്കുകളും പ്രദര്‍ശനത്തില്‍ ഉണ്ട്.
എ രാമചന്ദ്രന്‍
1935ല്‍ ആറ്റിങ്ങല്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പൂവളം അച്ച്യുതന്‍ നായരും, മാതാവ് ഭാര്‍ഗവി അമ്മയുമായിരുന്നു. അമ്മയോടൊപ്പമുള്ള ക്ഷേത്ര ദര്‍ശന സമയമാണ് രാമചന്ദ്രന്‍ ചിത്രകലയുടെ ആദ്യ പാഠം പഠിച്ചത്. ക്ഷേത്രത്തിലെ കൊത്തു പണികള്‍ കൗതുകത്തോടെയാണ് രാമചന്ദ്രന്‍ കണ്ടത്. വീടിന് ചുറ്റിലുമുള്ള കുളങ്ങളും, കാവുകളും, മരങ്ങളും, വാഴകളും, തെങ്ങുകളും രാമചന്ദ്രന്‍റെ മനസില്‍ ഒരായിരം ചിത്രങ്ങള്‍ തീര്‍ത്തു. ഔപചാരികമായി ചിത്രകല പഠിക്കാന്‍ 1957ല്‍ ശാന്തിനികേതനില്‍ എത്തി. കേരള സര്‍വ്വകലാശാലയുടെ സ്ക്കോളര്‍ഷിപ്പിലായിരുന്നു അത്.
ഡല്‍ഹിയിലെ ജാമിയമില്ലിയ സര്‍വ്വകലാശാലയിലെ അദ്ധ്യാപക ജോലിയായിരുന്നു ജീവിത മാര്‍ഗം. ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകള്‍ അവരുടെ ചിത്രങ്ങള്‍ ജീവിക്കാന്‍ വേണ്ടി വില്‍ക്കുന്നു. ഇപ്പോള്‍ താനും ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ചുമര്‍ ചിത്രങ്ങളെ കുറിച്ച് എ. രാമചന്ദ്രന്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിലെ ചുമര്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വ്യത്യസ്ഥത പുലര്‍ത്തുന്നവയാണ്. ഈ വിഷയത്തില്‍ അദ്ദേഹം രചിച്ച പുസ്തകം. കേരളത്തിന്‍റെ ചുമര്‍ചിത്രം ഗൗരവമായി പഠിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ് രാമചന്ദ്രന്‍ എഴുതിയ പെയിന്‍റിങ്ങ് അബോഡ് ഓഫ് ഗോഡ്സ് എന്ന പുസ്തകം. എ രാമചന്ദ്രന് 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1993ല്‍ ഡല്‍ഹി സാഹിത്യ കലാപരിഷത്തിന്‍റെ പരിഷത്ത് സമ്മാനം, 2000ല്‍ വിശ്വഭാരതിയില്‍ നിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്കാരം, 2004 കേരള സര്‍ക്കാറിന്‍റെ പ്രഥമ രാജാരവി വര്‍മ്മ പുരസ്കാരം തുടങ്ങി അനവധി പുരസ്കാരങ്ങള്‍ ലഭിച്ചു. 2005ല്‍ പത്മഭൂഷന്‍ നല്‍കി രാഷ്ട്രം ആദരിച്ചു. 2013ല്‍ കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാല രമാചന്ദ്രനെ ഡിലിറ്റ് നല്‍കി ആദരിച്ചു. 2018ല്‍ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ഭാരത്ഭവന്‍ കാളിദാസ് സമ്മാന്‍ നല്‍കി.
1978ലും 1980ലും ബുക്ക് ഇല്ലസ്റ്റ്രേഷന് ജപ്പാനില്‍നിന്നും നോമ സമ്മാനം കിട്ടിയിട്ടുണ്ട്. ബാലസാഹിത്യത്തെ കുറിച്ചുള്ള എത്രയോ അന്താരഷ്ട്ര ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച് ശ്രദ്ധേയമായ അവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. സാക്ഷരതാ പ്രവര്‍തനങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന യുനെസ്കോ സംഘത്തില്‍ അദ്ദേഹം ഒരു അംഗമായിരുന്നു. കൂടാതെ ഭാരതീയ തപാല്‍ വകുപ്പിനു വേണ്ടി അനേകം സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ മൌര്യാ ഷരാട്ടണ്‍, അശോകാ ഹോട്ടല്‍, ഗാന്ധിസ്മൃതി, എന്നിവടങ്ങളില്‍ എ രാമചന്ദ്രന്‍ ചുവര്‍ച്ചിത്രങ്ങള്‍ ചെയ്തു. തമിഴ്നാട്ടിലെ ശ്രീപെരമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കല്‍ ശില്‍പ്പാഖ്യാനം ചെയ്തത് 2003ല്‍ പൂര്‍ത്തിയാക്കി. 2024 ഫെബ്രുവരി 10ന് ഡല്‍ഹിയില്‍ അന്തരിച്ചു.
ചാമേലി രാമചന്ദ്രന്‍ (എ. രാമചന്ദ്രന്‍റെ ഭാര്യ)
ടാന്‍ യുവാന്‍ ചാമേലി, 1940-ല്‍ പശ്ചിമ ബംഗാളിലെ ശാന്തിനികേതനില്‍ ജനിച്ചു. രവീന്ദ്രനാഥ ടാഗോറിന്‍റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്ന ചൈനീസ് പണ്ഡിതന്‍ പ്രൊഫസര്‍ ടാന്‍ യൂണ്‍-ഷാന്‍ ആണ് ചാമേലിയുടെ പിതാവ്. പിതാവില്‍ നിന്ന് അവര്‍ ഇന്ത്യന്‍ ചൈനീസ് സംസ്കാര പൈതൃകത്തെ ആഴത്തില്‍ ആദരിക്കാന്‍ പഠിച്ചു. ടാഗോറിന്‍റെ സാഹിത്യവും തത്ത്വചിന്തകളും, പിതാവിന്‍റെ പാരമ്പര്യബോധവും ചേര്‍ന്ന്, അവരുടെ കലയില്‍ ഇന്ത്യയുടെയും ചൈനയുടെയും സംസ്കാരങ്ങളുടെ സംശ്ലേഷണം പ്രതിഫലിക്കുന്നു. രവീന്ദ്രനാഥ ടാഗോറാണ് ചമേലിക്ക് പേരിട്ടത്. ബംഗാളി മാധ്യമ സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, അവര്‍ വിശ്വഭാരതി സര്‍വകലാശാലയിലെ കലാഭവനില്‍ ചേര്‍ന്നു. അവിടെ ബിനോദ്ബിഹാരി മുഖര്‍ജ്ജി, റാംകിങ്കര്‍ ബൈജ് എന്നീ കലാപ്രതിഭകളുടെ കീഴില്‍ ചിത്രകല പഠിച്ചു. 1967-ല്‍, കലാഭവനിലെ സഹപാഠിയായ ചിത്രകാരന്‍ എ. രാമചന്ദ്രനെ വിവാഹം കഴിച്ച അവര്‍, ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറ്റി. മകള്‍ സുജാതയും മകന്‍ രാഹുലും വളര്‍ത്തുന്നതില്‍ മുഴുകിയതിനാല്‍, കുറച്ചു കാലത്തേക്ക് സ്വന്തം കലാപ്രവര്‍ത്തനം അവര്‍ പിന്തള്ളി വച്ചു. എന്നിരുന്നാലും, ആ സമയത്ത് ഭര്‍ത്താവിനെ കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ എഴുതുന്നതിലും ചിത്രീകരിക്കുന്നതിലും സഹായിച്ചു. ഈ പുസ്തകങ്ങള്‍ ഇന്ത്യ, ജപ്പാന്‍, കൊറിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.











