10:40am 13 November 2026
NEWS
നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോലീസിന്റെ പിടിയിലായി
13/11/2026  10:13 AM IST
nila
നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ്  പോലീസിന്റെ പിടിയിലായി

ചെങ്ങന്നൂർ: വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് വെൺമണി പോലീസിന്റെ പിടിയിലായി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ തടിക്കടവ് പി.ഒ.യിലെ മണാട്ടി തോറ്റുങ്കൽ വീട്ടിൽ മഹേഷ് ടി.സി. (31) ആണ് പിടിയിലായത്.
ബുധനാഴ്ച രാത്രി എറണാകുളത്തുനിന്ന് ട്രെയിനിൽ ചെറിയനാട് റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി, ചെറിയനാട് മേഖലയിലെ പച്ചക്കറിക്കടയിലും നല്ലവീട്ടിൽ ഭദ്രാദേവി ക്ഷേത്രത്തിലും മോഷണം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തുടർന്ന് പുലർച്ചെയുള്ള ട്രെയിനിൽ മടങ്ങാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ വെൺമണി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. രാത്രിയിൽ ട്രെയിനിലെത്തി വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തി പുലർച്ചെയുള്ള ട്രെയിനിൽ മടങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

വെൺമണി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അനന്തു എൻ.യു.വിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ പത്മരാജൻ, സജികുമാർ, സി.പി.ഒ. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img