02:44am 03 June 2026
NEWS
കൊലക്കത്തികളെ നേരിട്ടുകൊണ്ടൊരു തൊഴിലാളിസമരം
03/01/2026  03:32 PM IST
അഡ്വ.ജി.സുഗുണൻ
കൊലക്കത്തികളെ നേരിട്ടുകൊണ്ടൊരു തൊഴിലാളിസമരം
കടുത്ത ജീവിതപ്രയാസങ്ങൾ അനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് അവരുടെ സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അനിവാര്യമായ ഒരു ഘടകമാണ് ട്രേഡ് യൂണിയനുകൾ. തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിന്റെ പടവാളും ഈ തൊഴിലാളി സംഘടനകൾ തന്നെ. ലോകത്തൊ ട്ടാകെയുള്ള കമ്മ്യൂണിസ്റ്റുകാർ തൊഴിലാളികളെ സംഘടി പ്പിക്കുന്നതിനാണ് എന്നും മുൻതൂക്കം നൽകേണ്ടെതെന്നുള്ള സഖാവ് ലെനിൽ മുതൽ സഖാവ് പി.കൃഷ്ണപിള്ളയും, സഖാവ് എ.കെ ഗോപാലനും വരെയുള്ള കമ്മ്യൂണിസ്റ്റുനേതാക്കളുടെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ടാണ് ഈ ലേഖകൻ ട്രേഡ് യൂണിയൻ രംഗത്ത് ശക്തമായ പ്രവർത്തനം ആരംഭിക്കുന്നത്. 
 
വിദ്യാർത്ഥി-യുവജനരംഗത്തെ നീണ്ടകാലത്തെ പ്രവർത്തന അനുഭവവും ട്രേഡ് യൂണിയൻ രംഗത്ത് ഈ ലേഖകന്  മുതൽ ക്കൂട്ടായി മാറുകയും ചെയ്തിട്ടുണ്ട്. തൊഴിലാളി യൂണിയൻ പ്രവർത്തനം വളരെ എളുപ്പത്തിൽ നടത്താൻ കഴിയുന്ന ഒന്നല്ല. വളരെ റിസ്‌ക് എടുത്ത് ത്യാഗപൂർവ്വവും, ജീവനെപ്പോലും പണയം വച്ചുംകൊണ്ട് മാത്രമേ ഫലപ്രദമായി അത് നടത്താൻ സാധ്യമാകൂ. കയർത്തൊഴിലാളി യൂണിയൻ പ്രവർത്തന രംഗത്തോടൊപ്പം ചിറയിൻകീഴ് താലൂക്ക് നിർമ്മാണ തൊഴിലാളി യൂണിയൻ, താലൂക്ക് സിനിമ വർക്കേഴ്‌സ് യൂണിയൻ, താലൂക്ക് മണൽത്തൊഴിലാളി യൂണിയൻ, ചിറയിൻകീഴ് താലൂക്ക് ടാക്‌സി ആന്റ് ആട്ടോ വർക്കേഴ്‌സ് യൂണിയൻ തുടങ്ങിയ യൂണിയനുകൾ ഈ ലേഖകൻ തന്നെ സംഘടിപ്പിക്കുകയും, അവയെല്ലാം രജിസ്റ്റർ ചെയ്യുകയും ശക്തമായ പ്രവർത്തനം ആരംഭിക്കുകയുമാണ് ഉണ്ടായത്. 
 
1970 കളിൽ ചിറയിൻകീഴ് താലൂക്ക് ട്രേഡ് യൂണിയൻ സമരങ്ങളുടെ ഒരു കേന്ദ്രം തന്നെയായിരുന്നു. സഖാക്കൾ കടയ്ക്കാവൂർ ശശി, എ.കെ പ്രതാപൻ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കയർത്തൊഴിലാളി യൂണിയനും ഇതര യൂണിയനുകളും ഈ പ്രദേശത്ത് വളരെ സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്നു. കയർതൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സഖാവ് ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തിൽ നടത്തിയ പട്ടിണി മാർച്ചും, ആറ്റിങ്ങൽ താലൂക്ക് ഓഫീസ് പിക്കറ്റിംഗും എല്ലാം ഈ പ്രദേശത്തെ ചരിത്രത്തിൽ രേഖ പ്പെടുത്തിയിട്ടുള്ള ഒന്നാണ്. ഈ താലൂക്ക് ഓഫീസ് മാർച്ചിനും, പിക്കറ്റിനും നേതൃത്വം നൽകാൻ സഖാക്കൾ കെ.ആർ ഗൗരിയമ്മ, കെ. അനിരുദ്ധൻ തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. സഖാക്കൾ മാർത്തണ്ഡൻകുട്ടി, കെ.എൻ വേളിക്കാർ, വർക്കല സുധാകരൻ, എസ്.ഡി ബാലൻ, മടവൂർ വിക്രമൻ നായർ, ടി.എ സമദ്, ജയദേവൻ മാസ്റ്റർ തുടങ്ങിയ സഖാക്കൾ ഈ സമരത്തിന്റെ മുൻ നിരയിലുള്ളവരായിരുന്നു. ഈ ലേഖകൻ സമരത്തിന്റെ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ലാത്തിച്ചാർജ്ജും, കണ്ണീർവാതകഷെല്ലുകൾ പൊട്ടിക്കലും, ജലപീരങ്കി പ്രയോഗവുമെല്ലാം സമരത്തി ലുണ്ടായി. പലർക്കും കാര്യമായ പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഈ സമരത്തെ തുടർന്ന് സർക്കാരിനെതിരായ പ്രക്ഷോഭണം സംസ്ഥാനത്താകെ വ്യാപിക്കുകയാണുണ്ടായത്. 
 
ആ കാലഘട്ടത്തിൽ ആറ്റിങ്ങൽ കാരനായ എസ്.കെ.പി ഫാർമസി ഉടമ ശ്രീ.ഉണ്ണിവൈദ്യൻ രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമയായി മാറിക്കഴിഞ്ഞിരുന്നു. തമിഴ്‌നാട്, കേരളം എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 100 കണക്കിന് എസ്.കെ.പി ആയുവേദ ഫാർമസികളുടെ ബ്രാഞ്ചുകൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു. നിയമസഭയിലേക്ക് ആറ്റിങ്ങൽ അസംബ്ലി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായിരുന്ന സഖാവ് കെ. അനിരുദ്ധനെ വിജയിപ്പിക്കാൻ ഉണ്ണിവൈദ്യൻ വളരെ സജീവമായി രംഗത്തുണ്ടായിരുന്നു.  തെരഞ്ഞെടുപ്പിൽ സഖാവ് അനിരുദ്ധന്റെ എതിരാളി മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ആർ.ശങ്കർ ആയിരുന്നു. എന്തായാലും ആർ.ശങ്കറെ പരാജയപ്പെടുത്തി കെ. അനിരുദ്ധൻ തെരഞ്ഞെടുപ്പിൽ വിജയിയായി. മുഖ്യമന്ത്രി ആർ.ശങ്കറിനെതിരായ ഉണ്ണിവൈദ്യന്റെ തെരഞ്ഞെടുപ്പ് പോരാട്ടം അന്നത്തെ ദേശീയ മാധ്യമങ്ങൾ പോലും വലിയ വാർത്തയാക്കിയിരുന്നു. ഉണ്ണിവൈദ്യനുമായുള്ള അഭിമുഖങ്ങൾ ദേശീയ മാധ്യമങ്ങൾ ആകെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ അനിരുദ്ധന്റെ വിജയത്തിനായി സാമ്പത്തികമായും മറ്റു നിലകളിലും വലിയ സഹായം ചെയ്ത ഉണ്ണിവൈദ്യൻ സി.പി.എം പാർട്ടിസഖാക്കൾക്ക് ആകെ പ്രിയപ്പെട്ടവനായി മാറുകയാണുണ്ടായത്. 
 
ആറ്റിങ്ങൽ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഉണ്ണിവൈദ്യന്റെ ഉടമസ്ഥയിലുള്ള എസ്.കെ.പി ആയുവേദ ഫാക്ടറിയിൽ പാർട്ടിനേതാവായ സഖാവ് കടയ്ക്കാവൂർ ശശിയുടെ നേതൃത്വത്തിലുള്ള സി.ഐ.റ്റി.യു യൂണിയൻ സമരം പ്രഖ്യാപിച്ചത്. ജോലിസ്ഥിരതയും, ശമ്പളവർദ്ധനവും, മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ സമരം പ്രഖ്യാപനം. ഈ യൂണിയന്റെ പ്രസിഡന്റ് ഈ ലേഖകനായിരുന്നു. ആറ്റിങ്ങൽ ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് ഇടത് സ്ഥാനാർത്ഥിക്കുവേണ്ടി നിലകൊണ്ട ഉണ്ണിവൈദ്യൻ പാർട്ടി സഖാക്കളുടെ ആകെ പ്രിയപ്പെട്ടവനായി മാറുകയാണുണ്ടായത്. ഇതുകൊണ്ടായിരിക്കും പാർട്ടിസഖാക്കളിൽ ബഹുഭൂരിപക്ഷവും ഉണ്ണിവൈദ്യന്റെ ഫാക്ടറിയിലെ സമരത്തിൽ നിന്ന് വിട്ടുനിന്നത്. പാർട്ടിനേതാക്കളിൽ പലരും സമരരംഗത്ത് നിന്ന് ബോധപൂർവ്വം മാറി നിൽക്കുകയാണുണ്ടായത്. എസ്.കെ.പി ഫാർമസി ഫാക്ടറി യൂണിയൻ സെക്രട്ടറിയായിരുന്ന സഖാവ് കടയ്ക്കാവൂർ ശശിയോടൊപ്പം വളരെ കുറച്ച് യൂണിയൻ പ്രവർത്തകരും പാർട്ടിസഖാക്കളുമാണ് നിലയുറപ്പിച്ചിരുന്നത്. കടയ്ക്കാവൂർ ശശി അന്ന് സി.പി.എം ജില്ലാക്കമ്മിറ്റി അംഗമായിരുന്നു. ഫാക്ടറി യൂണിയന്റെ പ്രസിഡന്റായിരുന്ന ഈ ലേഖകൻ പാർട്ടി താലൂക്ക് കമ്മിറ്റി അംഗവും. അതുകൊണ്ട് തന്നെ സമരരംഗത്ത് വളരെ ശക്തമായി ഞാൻ നിലയുറപ്പിച്ചിരുന്നു. 
 
ആറ്റിങ്ങൽ പ്രദേശത്ത് സി.പി.എം ന്റെ മുൻനിരയിലുള്ള ഒരാളായിരുന്നു ഈ ലേഖകൻ. ഉണ്ണിവൈദ്യന്റെ ഫാക്ടറിയിൽ അനാവശ്യമായി സമരം പ്രഖ്യാപിച്ചത് ഞാനാണെന്ന പ്രചരണമാണ് സമരവിരുദ്ധർ വ്യാപകമായി പ്രചരിപ്പിച്ചത്. “ ''ഉണ്ണിവൈദ്യാ കുടവയറാ നിന്നെ ഞങ്ങളെടുത്തോളാം'' എന്ന് ഞാൻ മുദ്രാവാക്യം വിളിച്ച് ഉണ്ണിവൈദ്യനെ ആക്ഷേപിച്ചുകൊണ്ട് സമരപ്രചരണ ജാഥ നടത്തിയതായി വ്യാപകമായ പ്രചരണം കൊടുത്തു. അനിരുദ്ധനെ ഇലക്ഷനിൽ വിജയിപ്പിച്ച ഉണ്ണിവൈദ്യനോട് പാർട്ടിസഖാക്കൾക്കും അണികൾക്കും വലിയ ആദരവായിരുന്നു അന്നുണ്ടായി രുന്നത്. അതുകൊണ്ട് തന്നെ പ്രചരണം കുറച്ചൊക്കെ ഫലം കാണുകയും ചെയ്തു. അന്നത്തെ സി.പി.എം അനുഭാവിയും ഉണ്ണിവൈദ്യനോടൊപ്പം ഈ സമരത്തിനെതിരായി വളരെ ശക്തമായി നിലകൊള്ളുകയും ചെയ്തത് ഞങ്ങളെല്ലാം സ്‌നേഹപൂർവ്വം ''ശ്രീധര അണ്ണൻ''’ എന്ന് വിളിക്കുന്ന വെട്ടൻ ശ്രീധരൻ’ ആയിരുന്നു. ഈ സമരത്തിനെതിരായി ആറ്റിങ്ങൽ ടൗണിൽ ബന്ദും സമരവിരോധികൾ വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി. ബന്ദ് ദിവസം തന്നെ സമരത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഈ ലേഖകന്റെ കൈയും കാലുംവെട്ടുമെന്നുള്ള പ്രഖ്യാപനവും ഉണ്ടായി. 
 
എന്തായാലും അന്നീ ലേഖകനോടൊപ്പം ചെറുപ്പക്കാരുടെ ഒരു നല്ല സംഘം ഉണ്ടായിരുന്നു. കൂട്ടത്തിൽ എന്റെ കുടുംബബന്ധുക്കളും. എന്നെ സംരക്ഷിക്കാൻ ഇവർ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. ഉണ്ണിവൈദ്യനെതിരായ സമരത്തിന്റെ നേതൃത്വത്തിലുള്ള എന്നെ രാത്രി 10 മണിക്കകം വെട്ടുമെന്നുള്ള പ്രചരണം ഈ പ്രദേശത്താകെ എതിരാളികൾ നൽകുകയും ചെയ്തു. അന്ന് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ യോഗം തിരുവനന്തപുരത്ത് കള്ളിക്കാട് നെയ്യാർഡാമിൽ ചേർന്നു കൊണ്ടിരിക്കുകയായിരുന്നു. രാത്രി 9 മണിയോടുകൂടി ഈ ലേഖകനെ ആറ്റിങ്ങൽ കച്ചേരിനട ജംഗ്ഷനിൽ വെച്ച് വെട്ടിയതായി ഉണ്ണിവൈദ്യനോടൊപ്പമുള്ള ഒരാൾ പോളിറ്റ്ബ്യൂറോ യോഗസ്ഥലത്ത് ഫോൺ ചെയ്ത് അറിയിച്ചു. പി. ബി യോഗം നിർത്തിവെച്ച് കൊണ്ട് ഉടൻ തന്നെ പാർട്ടി അഖിലേന്ത്യാ നേതാവ് സഖാവ് ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടും സഖാവ് എ.കെ ഗോപാലനും ഉണ്ണിവൈദ്യന്റെ ഫാക്ടറി സമരവുമായി ബന്ധപ്പെട്ട് എന്നെ വെട്ടിയെന്നുള്ള കാര്യം അന്വേഷിക്കാനും, ശക്തമായ നടപടികൾ സ്വീകരിക്കാനുമായി അന്നത്തെ പാർട്ടി നേതാക്കളായ സഖാക്കൾ വർക്കല രാധാകൃഷ്ണനെയും കെ അനിരുദ്ധനെയും ആറ്റിങ്ങലിൽ അയയ്ക്കുകയാണുണ്ടായത്. 
 
ഈ ലേഖകനെ വെട്ടുമെന്നുള്ള എതിരാളികളുടെ പ്രഖ്യാപനത്തെ നേരിടാൻ ആറ്റിങ്ങൽ ജംഗ്ഷനിൽ തന്നെ നല്ലൊരു കൂട്ടം പ്രവർത്തകരുമായി ഞാൻ ഉണ്ടായിരുന്നു. ഗുണ്ടകളെ നേരിടാനുള്ള നല്ല തയ്യാറെടുപ്പും നടത്തിയിട്ടുണ്ടായിരുന്നു. എന്നെ വെട്ടാനോ, കായികമായി നേരിടാനോ അപ്പോൾ സാധ്യമല്ലെന്ന് ബോധ്യപ്പെട്ട എതിരാളികൾ എന്തായാലും എന്നെ വെട്ടുന്നതിൽനിന്ന് അവസാന നിമിഷം പിന്തിരിയുകയാണുണ്ടായത്. സമരവിരുദ്ധർ എന്നെ വെട്ടാനുള്ള വൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും അത് ദയനീയമായി പൊളിയുകയാണ് ചെയ്തത്. അന്ന് രാത്രി 11 മണിയോടുകൂടി അന്നത്തെ പാർട്ടി നേതാക്കളായ സഖാക്കൾ വർക്കല രാധാകൃഷ്ണനും, കെ.അനിരുദ്ധനും വിവരമന്വേഷിക്കാനും എന്നെ കാണാനുമായി ആറ്റിങ്ങൽ എത്തി. ഈ സമയം ഞാൻ സമരകേന്ദ്രത്തിൽ നിന്നും വീട്ടിലെത്തിയിരുന്നു. വീട്ടിൽ രാത്രിഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് ഈ പാർട്ടി നേതാക്കൾ എന്നെ കാണാൻ വീട്ടിൽ എത്തുന്നത്. അമ്മ ഈ നേതാക്കൾക്ക് ചായ ഉണ്ടാക്കിക്കൊടുത്തു. തങ്ങൾ വന്ന കാര്യം അച്ഛനോട് ഈ നേതാക്കൾ വളരെ പ്രയാസപ്പെട്ട് പറയുന്ന രംഗം ഇപ്പോഴും ഈ ലേഖകൻ ഓർക്കുന്നു. സമരവിരോധികളായ അക്രമികളെ തുരത്തുകയും, പരിക്കൊന്നും ഏൽക്കാതെ വീട്ടിലെത്തുകയും ചെയ്ത എന്നെയും, ഒപ്പമുണ്ടായിരുന്ന ധീരരായ സമരസഖാക്കളെയും അഭിനന്ദിച്ചുകൊണ്ടാണ് സഖാക്കൾ വർക്കല രാധാകൃഷ്ണനും കെ. അനിരുദ്ധനും വീട്ടിൽനിന്നും തിരിച്ചുപോയത്. പിറ്റേദിവസം രാവിലെ സഖാവ് ഇ.എം.എസും സഖാവ് എ.കെ ഗോപാലനും എന്നെ ഫോണിൽ വിളിച്ച് വിവരം അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതും ഓർക്കുന്നു. യൂണിയന് വലിയ പരിക്കൊന്നും ഉണ്ടാവാതെ സമരം ഒത്തുതീർപ്പിലാക്കാനും ഒടുവിൽ കഴിഞ്ഞു.
 
തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പടയാളിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. തൊഴിലാളിവർഗ്ഗം കൂടെയില്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരു നിലനില്പുമില്ല. അതുകൊണ്ട് തന്നെ തൊഴിലാളികളുടെ താല്പര്യവും ന്യായമായ തൊഴിലാളി സമരങ്ങളും വിജയിപ്പിക്കാൻ കമ്മ്യൂണിസ്റ്റുകാരാകെ സജീവമായി രംഗ ത്തിറങ്ങേണ്ടതായിട്ടുണ്ട്. നിർഭാഗ്യവശാൽ ചില ന്യായമായ സമരങ്ങളിലെങ്കിലും സമരത്തിന് നേതൃത്വം കൊടുക്കേണ്ട കമ്മ്യൂണിസ്റ്റ് നേതാക്കളും, സഹയാത്രികരും ചാഞ്ചാട്ട മനോഭാവം കാട്ടുന്നുണ്ട്. തൊഴിലാളി വർഗ്ഗത്തിനോടൊപ്പം നിൽക്കേണ്ട ഇവരിൽപ്പലരും അന്യവർഗ്ഗത്തോടൊപ്പമാണ ്         (മുതലാളി വർഗ്ഗം) നിൽക്കുന്നത്. ആറ്റിങ്ങൽ നടന്ന ഐതിഹാസികമായ എസ്.കെ.പി ഫാക്ടറി സമരം ഇതിന് ഉദാഹരണമാണ്. ഉണ്ണിവൈദ്യന്റെ ഫാക്ടറി സമരത്തിന് അന്ന് ധീരമായി നേതൃത്വം നൽകിയ സഖാവ് കടയ്ക്കാവൂർ ശശി അരദശാബ്ദത്തിനുശേഷം മരണമടഞ്ഞത് വളരെ സംശകരമായ സാഹചര്യത്തിലാണ്. ആ സഖാവിന്റെ മൃതശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രമാണ് അഞ്ചുതെങ്ങ് കായലിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞത്. വർഗ്ഗശത്രുക്കൾ അദ്ദേഹത്തെ വകവരുത്തിയതാണെന്ന് വിശ്വസിക്കുന്ന  പാർട്ടി സഖാക്കളും ജനങ്ങളും ഇന്നുമുണ്ട്. സഖാവ് കടയ്ക്കാവൂർ ശശിയുടെ അനുഭവമായിരിക്കാം ഒരുപക്ഷേ ഈ ലേഖനുമെന്ന് ഉപബോധമനസ്സ് പറയുന്നുമുണ്ട്. സർക്കാരിനെതിരായ സമരം വളരെ എളുപ്പമാണെന്നും, എന്നാൽ വലിയ മുതലാളിമാർക്കും കുത്തകകൾക്കുമെല്ലാം എതിരായ സമരം ജീവനെ പണയംവെച്ചുകൊണ്ടേ നടത്താൻ കഴിയുകയുള്ളൂ എന്നും സി.പി.എം. മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സഖാവ് കാട്ടായിക്കോണം ശ്രീധർ എന്നോട് ഒരവസരത്തിൽ പറഞ്ഞതും ഓർത്തുപോകുന്നു. 
 
ഈ ലേഖകന്റെ ജീവിതത്തിൽ ഡസൻ കണക്കിന് വളരെ പ്രയാസകരവും ത്യാഗപൂർവ്വവുമായ തൊഴിലാളിസമര അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഉണ്ണിവൈദ്യന്റെ ഫാക്ടറിയിലെ തൊഴിൽസമരം ഭയചകിതമായി മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ. പാർട്ടിയിലെ നല്ലൊരു ശതമാനം പേർ ഫാക്ടറി ഉടമയായ ഉണ്ണിവൈദ്യനോടൊപ്പം നിലയുറപ്പിക്കുകയും എന്നെ വെട്ടിവീഴ്ത്തുമെന്ന ഭീഷണി വ്യാപകമായി ഉണ്ടാവുകയും ചെയ്തപ്പോൾ യഥാർത്ഥത്തിൽ വലിയ ഭയപ്പാട് ഈ ലേഖകനിൽ ഉണ്ടായത് ഓർക്കുന്നു. ഭയചകിതമായ ഒരു അന്തരീക്ഷം അന്ന് സമരസ്ഥലത്ത് സംജാതമായിരുന്നു. അന്നെനിക്ക് ചുറ്റും ബാരിക്കേഡ് സൃഷ്ടിക്കുകയും എന്നെ സംരക്ഷിക്കുകയും ചെയ്ത സഖാക്കൾ പലരും ഇന്നില്ല. അവരെയെല്ലാം ആദരപൂർവ്വം ഓർക്കുകയും, ന്യായമായ തൊഴിലാളിസമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ആർക്കും എളുപ്പം സാധ്യമല്ലെന്ന് ഈ അവസരത്തിൽ തൊഴിലാളി വിരുദ്ധരെയാകെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. 
 
ഏതാണ്ട് അരനൂറ്റാണ്ടിന് മുമ്പ് നടന്ന ഒരു തൊഴിലാളി സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ഈ ലേഖകൻ ഇവിടെ കുറിച്ചത്. പുതിയ തലമുറയിലെ പലർക്കും കുത്തക മുതലാളി വർഗ്ഗത്തിന്റെ കൊലക്കത്തികളെ നേരിട്ടുകൊണ്ടുള്ള തൊഴിലാളി സമരങ്ങളുടെ തിക്താനുഭവങ്ങൾ കണ്ടെന്നുവരില്ല. ഉണ്ണി വൈദ്യന്റെ ഫാക്ടറിയിൽ നടന്ന ഈ പഴയകാല തൊഴിലാളി സമരം ഇക്കൂട്ടർക്കാകെ ഒരു പാഠമായിരിക്കുമെന്നുള്ളതിൽ സംശയമില്ല.                 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img