12:15pm 14 September 2026
NEWS
ഭാഷാസമന്വയം ജീവിതവ്രതമാക്കിയ അക്ഷരോപാസകൻ; ബംഗളുരുവിൽ ഈയിടെ അന്തരിച്ച കെ. കെ. ഗംഗാധരന്റെ ജീവിതരേഖയിലൂടെ
23/02/2025  08:01 AM IST
വിഷ്ണുമംഗലം കുമാർ, ബംഗളൂരു
ഭാഷാസമന്വയം ജീവിതവ്രതമാക്കിയ അക്ഷരോപാസകൻ; ബംഗളുരുവിൽ ഈയിടെ അന്തരിച്ച കെ. കെ. ഗംഗാധരന്റെ ജീവിതരേഖയിലൂടെ

സർഗ്ഗാത്മക സാഹിത്യ വിവർത്തനത്തിലൂടെ കർണാടകത്തിലും ദേശീയതലത്തിലും ശ്രദ്ധയും പ്രശസ്തിയും നേടിയ മലയാളിയായ എഴുത്തുകാരനാണ് ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കെ.കെ.ജി എന്ന കെ.കെ ഗംഗാധരൻ. മലയാള കൃതികൾ കന്നഡത്തിലേക്ക് വിവർത്തനം ചെയ്യുന്ന സപര്യയിലാണ് കഴിഞ്ഞ നാലുദശകത്തിലേറെക്കാലമായി അദ്ദേഹം ഏർപ്പെട്ടിരുന്നത്. മലയാളത്തിലെ ഒട്ടെല്ലാ പ്രമുഖ എഴുത്തുകാരുടെയും കഥകൾ കെ.കെ.ജി കന്നഡത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രശസ്തരല്ലാത്ത എഴുത്തുകാരുടെ ധാരാളം രചനകളും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കെ.കെജിയുടെ വിവർത്തനജീവിതത്തിലെ തിളക്കമേറിയ അദ്ധ്യായമാണ് പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ഇരുന്നൂറ്റിയമ്പത് കഥകൾ പരിഭാഷപ്പെടുത്തി അഞ്ചു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയ അനുഭവം. അത് റിക്കാർഡാണ്.     'മലയാളം കഥഗളു' എന്ന പുസ്തകത്തിനാണ് കെകെ ജിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ മികച്ച വിവർത്തകനുള്ള ദേശീയ അവാർഡ് ലഭിച്ചത്. കർണാടക സാഹിത്യ അക്കാദമി അവാർഡ്, കുവെമ്പു ഭാഷാഭാരതി പ്രാധികാര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ മലയാളിയായ ഈ കന്നഡ എഴുത്തുകാരന് ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ജനുവരി 19 ന് ഉച്ചയ്ക്ക് ബംഗളുരുവിലെ എം എസ് രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം മൃതദേഹം ബന്ധുക്കൾ രാമയ്യ മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തു.

മലയാളവും കന്നഡയും

തൊട്ടടുത്തു കിടക്കുന്നവരാണെങ്കിലും ഒട്ടേറെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമുള്ള രണ്ടു ജനസമൂഹങ്ങളാണ് കന്നഡിഗരും മലയാളികളും. ഭാഷയിലും ജീവിതരീതിയിലും മാത്രമല്ല ഈ വ്യത്യാസം. സാംസ്‌കാരികമായി തന്നെ വളരെ പ്രകടമായ അന്തരം ഈ ജനവിഭാഗങ്ങൾ തമ്മിലുണ്ട്. അയൽസംസ്ഥാനക്കാർ എന്നതിലുപരി കർണാടകത്തിലെ നഗരങ്ങളിൽ അനേകായിരം പ്രവാസി മലയാളികൾ കന്നഡിഗ രോടൊപ്പം പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നുണ്ട്. സൗഹൃദം സുദൃഢമാണെങ്കിലും സാംസ്‌കാരികമായി ഒരു ഉൾച്ചേരൽ ഉണ്ടാകാറില്ല. രണ്ടും രണ്ട് സംസ്‌കാരങ്ങളായി വേർതിരിഞ്ഞു നിൽക്കുന്നു. മലയാളികൾക്ക് കന്നഡിഗരെപ്പറ്റിയും     കന്നഡിഗർക്ക് മലയാളികളെപ്പറ്റിയും വ്യക്തമായ ഉൾക്കാഴ്ച ലഭിക്കാൻ സാഹിത്യകൃതികളുടെ ഭാഷാന്തരീകരണം സഹായകമാവും. കന്നഡത്തിലെ മഹാസാഹിത്യകാരനായ കുവെമ്പു മുതൽ അകാലത്തിൽ പൊലിഞ്ഞുപോയ ശ്രീകൃഷ്ണ ആലനഹള്ളി വരെയുള്ളവരുടെ ഉൽകൃഷ്ട രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ആ പുസ്തകങ്ങൾ വ്യാപകമായ പ്രചാരം നേടുകയും ചെയ്തിട്ടുണ്ട്. സാഹിത്യ വിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും കന്നഡിഗരെപ്പറ്റി മനസ്സിലാക്കാൻ ആ കൃതികൾ ഉപകരിച്ചിട്ടുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന കൃതികളേ മലയാളത്തിൽ നിന്ന് കന്നഡത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുള്ളൂ. ഗൗരവപൂർണമായ സാഹിത്യപാരായണം കന്നഡനാട്ടിൽ ഒരു ന്യൂനപക്ഷത്തിൽ ഒതുങ്ങിക്കിടക്കുകയാണെന്ന വസ്തുതകൂടി കണക്കിലെടുത്താൽ   കന്നഡിഗർക്ക് മലയാളത്തെയും കേരളീയരെയും കുറിച്ചുള്ള അറിവ് പരിമിതവും ഭാഗികവുമാണെന്ന് കാണാം. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെങ്കിൽ പഴയതും പുതിയതുമായ ധാരാളം കൃതികൾ മലയാളത്തിൽ നിന്ന് കന്നഡത്തിലേക്ക് വിവർത്തനം ചെയ്യപ്പെടേണ്ടതുണ്ട്. മലയാള കൃതികളുടെ ഗൗരവം ചോർന്നു പോകാതെ കന്നഡത്തിലേക്ക് വിവർത്തനം ചെയ്യാൻ കഴിവുള്ളവർ വളരെ കുറച്ചേയുള്ളൂ. അതിൽ തന്നെ മിക്കവരും ഭാഷാന്തരീകരണം ഒരു തപസ്യയായി കാണുന്നവരല്ല. ജീവിതോപാധിയായി ഏറ്റെടുത്തവരാണ്. പുസ്തകവ്യാപാരം കന്നഡത്തിൽ അത്രകണ്ട് ലാഭകരമല്ല എന്നതും ഭാഷാന്തരീകരണത്തിന് വിഘാതമായി നിൽക്കുന്ന ഘടകമാണ്. കന്നഡ എഴുത്തുകാരുടെ തന്നെ മൂല്യകൃതികളെക്കാൾ കോപ്പികൾ വിറ്റഴിയുന്നത് അവയുടെ മലയാള വിവർത്തനങ്ങളാണെന്ന് യു.ആർ. അനന്തമൂർത്തിയെപ്പോലുള്ളവർ ചൂണ്ടിക്കാണിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്.

ഇതൊക്കെ പ്രതികൂലഘടകങ്ങളാണെങ്കിലും മലയാളത്തിൽ നിന്ന് നോവൽ, ചെറുകഥ, കവിത തുടങ്ങിയ സാഹിത്യസൃഷ്ടികൾ കന്നഡത്തിലെ ആനുകാലികങ്ങളിൽ വിവർത്തനം ചെയ്യപ്പെടുകയും പുസ്തകങ്ങളായി പുറത്തു വരികയും ചെയ്യുന്നുണ്ട്. അതുപോരെന്നും ധാരാളം നല്ല കൃതികൾ മലയാളത്തിൽ നിന്ന് കന്നഡത്തിലേക്ക് വിവർത്തനം ചെയ്യപ്പെടേണ്ടതുണ്ടെന്നും പ്രശസ്ത നിരൂപകനായ കെ.പി. ശങ്കരൻ  അഭിപ്രായപ്പെട്ടിരുന്നു. ഏറെക്കാലം കർണാടകത്തിൽ ജീവിച്ച, ഇരുഭാഷകൾക്കും ഇടയിൽ ഒരു കണ്ണിയായി പ്രവർത്തിച്ചു പോന്ന ആളാണ് ശങ്കരൻ മാഷ്. വ്യക്തികൾ ചെയ്യുന്ന വിവർത്തന ജോലികൾ വിപുലപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഒന്നിലേറെപ്പേർ ചേർന്നു നിർവ്വഹിക്കുന്ന വിവർത്തനോദ്യമങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ശങ്കരൻ മാഷ് അഭിപ്രായപ്പെടുകയുണ്ടായി. ഭാഷാസംസ്‌ക്കാരങ്ങൾ തമ്മിലുള്ള സ്പർദ്ധ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ നല്ല സാഹിത്യകൃതികൾ വിപുലമായി ഭാഷാന്തരീകരണം ചെയ്യപ്പെടേണ്ടതുണ്ട്.

സ്തുത്യർഹമായ സാഹിത്യസേവനം

കാസർഗോട്ടെ കോട്ടൂരാണ് ഗംഗാധരന്റെ ജന്മസ്ഥലമെങ്കിലും കുടുംബം കുടകിലേക്ക് കുടിയേറിയതിനെ തുടർന്ന് സോമവാർപേട്ടയിലെ ഇരുമ്പുപാലം എന്ന സ്ഥലത്താണ് പഠിച്ചു വളർന്നത്. പിതാവ് കരിച്ചേരി കുഞ്ഞമ്പുനായർ. മാതാവ് ഉത്തമ്മ (കുഞ്ഞമ്മാർ). മാതൃഭാഷ മലയാളമാണെങ്കിലും കന്നഡയാണ് ഗംഗാധരൻ പഠിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം ഹാസനിൽ കോത്താറി കോഫി ക്യൂറിങ് വർക്കിൽ ജോലി ചെയ്തു. 1974-ൽ ആണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗം ലഭിക്കുന്നത്. അർസിക്കരെ, തുംകൂർ, മടിക്കേരി, മൈസൂർ എന്നിവിടങ്ങളിൽ ജോലിനോക്കിയ ശേഷം 1979-ൽ ബാംഗ്ളൂർ സിറ്റി ആർ.എം.എസ്സിലേക്ക് മാറ്റം ലഭിച്ചു. ദീർഘകാലം അവിടെ ജോലിചെയ്ത കെ.കെ.ജി ഏതാനും വർഷം മുമ്പാണ് വിരമിച്ചത്.

കന്നഡത്തിൽ ലേഖനങ്ങളും കഥകളും എഴുതിയിരുന്നു. മലയാളം പഠിക്കുന്നതും വിവർത്തനമേഖലയിലേക്ക് കടക്കുന്നതും കെ.എസ്. കരുണാകരനെ പരിചയപ്പെടുന്നതോടെയാണ്. ടിപ്തൂർ കല്പതരു കോളേജിലെ കന്നഡവിഭാഗം തലവനായിരുന്നു മലയാളിയായ കരുണാകരൻ. ഇദ്ദേഹം ഗംഗാധരന്റെ ഗുരുസ്ഥാനീയനാണ്.

ജോസഫ് പനയ്ക്കലിന്റെ കഥയാണ് ആദ്യമായി തർജ്ജമ ചെയ്തത്. പിന്നീട് ഇ.എം.എസ്സിന്റെ ചോദ്യോത്തരങ്ങളും അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ 'കക്കയം' എന്ന കൃതിയും വിവർത്തനം ചെയ്ത്  ജനതാമാധ്യമ പത്രത്തിന്റെ വാരാന്ത്യപതിപ്പിൽ തുടർച്ചയായ് പ്രസിദ്ധീകരിച്ചു. ബഷീർ, തകഴി, ഒ.വി. വിജയൻ, ടി.പദ്മനാഭൻ, എം. മുകുന്ദൻ, എം.ടി, മലയാറ്റൂർ രാമകൃഷ്ണൻ, സക്കറിയ, പുനത്തിൽ കുഞ്ഞബ്ദുള്ള,  ബാലകൃഷ്ണൻ മാങ്ങാട് തുടങ്ങിയവരുടെ ഇരുന്നൂറോളം ചെറുകഥകൾ ഗംഗാധരൻ കന്നഡത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. അതിന് പുറമെയാണ് മാധവിക്കുട്ടിയുടെ ഇരുന്നൂറ്റിയമ്പത് കഥകൾ വിവർത്തനം ചെയ്ത് അഞ്ചു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയത്.      മല്ലിഗെ, തുഷാര, പ്രജാമത, പ്രജാവാണി, സുധ, മയൂര, ജനവാഹിനി, വിജയകർണാടക തുടങ്ങിയ ആനുകാലികങ്ങളിലാണ് കെ കെ ജി വിവർത്തനം ചെയ്ത രചനകൾ പുസ്തകമാകുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുസ്തകമാകാത്ത നിരവധി വിവർത്തന രചനകൾ ഉണ്ടുതാനും. മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾ, സക്കറിയയുടെ ഭാസ്‌ക്കര പട്ടേലരും എന്റെ ജീവിതവും  തുടങ്ങിയ നോവലുകളും ഗംഗാധരൻ വിവർത്തനം ചെയ്ത കൃതികളിൽ ഉൾപ്പെടുന്നു. ഭാസ്‌ക്കരപട്ടേലരുടെ കന്നഡ തർജ്ജമ പിന്നീട് കൊടവ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.

'കുങ്കുമം' അവാർഡ് നേടിയ കെ. കവിതയുടെ വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രം എന്ന നോവലും സുധാകരൻ രാമന്തളിയുടെ അരങ്ങൊഴിയുന്ന അച്ചുതൻ എന്ന നോവലും ഗംഗാധരൻ വിവർത്തനം ചെയ്തിരുന്നു. കെ. കവിതയുടെ നോവൽ ബെള ളിത ബാളിഗെ ബെളക്കു എന്ന പേരിൽ 2009 ലും സുധാകരൻ രാമന്തളിയുടെ നോവൽ നിർഗമന എന്ന പേരിൽ അതിന് ശേഷവുമാണ്  പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയത്. അസുഖ ബാധിതനായി വിശ്രമത്തിലായിരുന്നപ്പോഴും വിവർത്തനജോലികൾ ചെയ്തിരുന്നു. ഒട്ടേറെ മലയാള കൃതികൾ കെ.കെ.ജിയുടെ മനസ്സലിയുന്നതും കാത്ത് വിവർത്തനത്തിനായി അദ്ദേഹത്തിന്റെ മേശമേൽ സ്ഥാനം പിടിച്ചിരുന്നു.

കർണാടകത്തിലെ സാംസ്‌കാരിക വകുപ്പിന്റെ ഭാഷാഭാരതി പ്രാധികാര പുരസ്‌ക്കാരമാണ് ആദ്യം ലഭിച്ച പ്രധാന അംഗീകാരം. മികച്ച വിവർത്തനത്തിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 2009 ൽ പ്രസിദ്ധീകരിച്ച ബെള ളിത ബാളിഗെ ബെളക്കു എന്ന  നോവലിനാണ് പുരസ്‌ക്കാരം ലഭിച്ചത്. ബാംഗ്ളൂർ യൂണിവേഴ്സിറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സമ്പന്നമായ സദസ്സിനെ സാക്ഷിയാക്കി സാംസ്‌കാരിക വകുപ്പു മന്ത്രി ഗോവിന്ദ് കാർജോളാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. തുടർന്ന് സംസ്ഥാന സാഹിത്യ അവാർഡ്, കേന്ദ്ര സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചു.

വിവർത്തനം ഒരു തപസ്യയായി കരുതിപ്പോന്ന ഇദ്ദേഹത്തിന് തമിഴിലും അവഗാഹമുണ്ടായിരുന്നു. അനുരാധാ രമണൻ, വരലൊട്ടി രംഗസ്വാമി എന്നിവരുടെ തമിഴ് കഥകൾ കന്നഡത്തിലാക്കിയിട്ടുണ്ട്. മലയാളത്തിൽ നിന്നും ചില സുപ്രധാന കൃതികൾ കന്നഡത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള തയ്യാറെടുപ്പിനിടയിലാണ് രോഗബാധിതനായത്. ബംഗളുരുവിൽ പ്രകാശ് നഗർ, മഞ്ജുനാഥനഗർ എന്നിവിടങ്ങളിലാണ് ദീർഘകാലം താമസിച്ചിരുന്നത്. ആർ എം എസ്സിൽ നിന്ന് വിരമിച്ച ശേഷം ഏതാനും വർഷം മുമ്പ് സിറ്റിയിൽ നിന്ന് അകലെ മാഗഡി റോഡിലെ അഞ്ജന നഗറിൽ വീടുവെച്ച് താമസമാക്കി. പത്നി രാധ വീട്ടമ്മയാണ്. ഏക മകൻ ശരത് ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നു. മരുമകൾ: രേണുക. കേരള, കർണാടക സംസ്‌കാരത്തെയും മലയാള, കന്നഡ സാഹിത്യത്തെയും ചേർത്തുനിർത്തിയ ഒരു സുപ്രധാന കണ്ണിയാണ് കെ.കെ.ജിയുടെ വിയോഗത്തോടെ ഇല്ലാതായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img