
ദോഹ: ഖത്തറിലെ പെറുവിയൻ എംബസിയുമായി സഹകരിച്ച് കത്താറ സാംസ്കാരിക ഗ്രാമത്തിൽ 'പെറുവിയൻ കോർണർ' ഉദ്ഘാടനം ചെയ്തു. പെറുവിയൻ കലാകാരനായ മാർസെലോ വോങ്ങിന്റെ 'ഐശ്വര്യവും സമൃദ്ധിയും' (Prosperity and Well-being) എന്ന് പേരിട്ടിരിക്കുന്ന പ്രശസ്തമായ ശില്പത്തിന്റെ അനാച്ഛാദനവും ഇതോടൊപ്പം നടന്നു. കത്താറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തിയും ഖത്തറിലെ പെറു അംബാസഡർ ഗോൺസാലോ വോട്ടോ ബെർണാലെസും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. നയതന്ത്രപ്രതിനിധികൾ, സാംസ്കാരിക നായകർ, കലാപ്രേമികൾ തുടങ്ങി നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.
ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാനവികതയുടെ ഭാഷയാണ് കലയെന്നും, ഈ പെറുവിയൻ കോർണർ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും സാംസ്കാരിക വിനിമയവും കൂടുതൽ ശക്തമാക്കുമെന്നും കത്താറ അധികൃതർ വ്യക്തമാക്കി. 2025-ൽ റെസിൻ, ഫൈബർഗ്ലാസ് എന്നിവ ഉപയോഗിച്ച് ചുവപ്പ് നിറത്തിൽ നിർമ്മിച്ച ഈ ശില്പത്തിന് 133 സെന്റീമീറ്റർ ഉയരമുണ്ട്.
കലയിലൂടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ആഘോഷിക്കുന്നതിന്റെ പ്രതീകമാണ് ഈ ശില്പമെന്ന് പെറു അംബാസഡർ ഗോൺസാലോ വോട്ടോ ബെർണാലെസ് പറഞ്ഞു. പെറുവിന്റെ കലയും സംസ്കാരവും പാരമ്പര്യവും ഖത്തറിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള ഒരു സാംസ്കാരിക ജാലകമായി ഈ സംരംഭം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിന്റെ ഭാഗമായി പെറുവിയൻ പരമ്പരാഗത കലാപ്രകടനങ്ങളും തനത് ഭക്ഷണവിഭവങ്ങളുടെ പ്രദർശനവും അരങ്ങേറി.











