
ശരിയാകുമോ തെറ്റാകുമോ ? അറിയില്ല.
പക്ഷേ ശാസ്ത്രലോകം അങ്ങനെ ഭയപ്പെടുന്നു. മൂന്ന് മുറിയുള്ള ഒരു വീടിന്റെ അത്രയും വിസ്തീർണ്ണമുള്ള ഒരു പാറക്കല്ല് ഭൂമിക്ക് അരികിലേക്ക് വരുന്നു. 2029ലാണത്രെ അതു സംഭവിക്കാൻ പോകുന്നത്. 350 മീറ്റർ വലിപ്പമുള്ള ഒരു ഉൽക്കയാണിത്. എന്തിനിത്ര വേവലാതിപ്പെടുന്നു. ഇത്തരം ചെറുതും വലുതുമായ ഉൽക്കകൾ ബഹിരകാശത്ത് സഞ്ചരിക്കുന്നുണ്ടല്ലോ. ഭൂമിയിൽ ദിവസവും എത്രയോ ഉൽക്കകൾ പതിക്കുന്നുണ്ട്. ഭൂമിയിൽ ഉൽക്കകൾ പതിക്കാത്ത ഒരു ദിവസം പോലും കടന്ന് പോയിട്ടില്ല. അവയൊക്കെ അന്തരീക്ഷത്തിൽ വെച്ച് കത്തിപ്പോകുകയാണ് ചെയ്യുന്നത്. ഇങ്ങനെ കത്തിയമരുന്നതാണ് നാം പലപ്പോഴും കൊള്ളിയാനായി വിളിക്കപ്പെടുന്നത്. പക്ഷേ അപോഫിസ് (Asteroid 99942 Apophis ) എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന ഈ ഉൽക്ക അത്ര നിസ്സാരക്കാരനല്ല. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വന്നാൽ മുഴുവൻ കത്തിത്തീരില്ല. വലിയൊരു ഭാഗം ഭൂമിയിലേക്ക് വീഴും. അതായത് നല്ലൊരു കൂട്ടിയിടി നടക്കും. അങ്ങനെ സംഭവിച്ചാൽ ഭൂമിയുടെ വലിയൊരു ഭാഗം തകരും. അതിന്റെ വ്യാപ്തി പ്രവചനാതീതമാണ്. 66ദശ ലക്ഷം വർഷം മുൻപ് സംഭവിച്ച ഉൽക്ക പതനത്തിലാണ് ഭൂമിയെ അടക്കി വാണിരുന്ന ദിനോസറസുകൾ മുഴുവൻ നശിക്കുകയും ഹിമയുഗത്തിലേക്ക് ഭൂമി പോയതും. ഏതാണ്ട് അന്ന് ഭൂമിയിൽ ഉണ്ടായിരുന്ന 90%ജീവജാലങ്ങളും ഇല്ലാതായി. 'ചിക്സു ലുബ്' എന്ന ചിന്നഗ്രഹമാണ് അന്ന് ഭൂമിയിൽ പതിച്ചത്.
ഏതാണ്ട് 20 വർഷം മുൻപ് 2004 ലാണ് വാനനിരീക്ഷകരുടെ കണ്ണിൽ അപോഫിസ് പെടുന്നത്. അന്നിത് ഭൂമിക്ക് 1.4കോടി കിലോ മീറ്റർ അകലെക്കൂടി കടന്ന് പോയി. പിന്നീട് ഇവയെ കണ്ടുകിട്ടിയില്ല. 2021 ലാണ് പിന്നെ ഈ ഉൽക്കയെ കാണുന്നത്. അപ്പോൾ ഇതിന്റെ പാത ദൂരദർശിനിയിൽ കൃത്യമായി തെളിഞ്ഞു.2004 ൽ കണ്ടപ്പോഴുള്ളതിനേക്കാൾ ഭൂമിയുടെ വളരെ അടുത്തയാണ് ഇതിനെ കണ്ടത്. അപോഫിസിന്റെ അപകടസാധ്യത ശാത്രജ്ഞർക്ക് ബോധ്യപ്പെട്ടത് ഇതോടെയാണ്. പിന്നീട് ഇതിനെ സ്ഥിരമായി വാനശാസ്ത്രജ്ഞർ പിന്തുടരാൻ തുടങ്ങി. 2029ൽ ഭൂമിക്ക് 30,000 കിലോമീറ്റർ അടുത്ത് കൂടി കടന്ന് പോകുമെന്നാണ് ഇപ്പോൾ കണക്കുകൂട്ടിരിക്കുന്നത്. ഇത് പ്രപഞ്ച ഗോളങ്ങളെ സംബന്ധിച്ചു നിസ്സാരമായ അകലമല്ല. കൂട്ടിയിടിക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഈ പറഞ്ഞ അകലത്തിൽക്കൂടി അപോഫിസ് കടന്ന് പോയാൽ ഭൂമിക്ക് ഒന്നും സംഭവിക്കില്ല. പക്ഷേ അതല്ല പ്രശ്നം ഈ ഉൽക്കയുടെ സഞ്ചാര പഥം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. 20 വർഷം മുൻപ് ആദ്യം കണ്ടെത്തുമ്പോൾ 1.4കോടി കിലോമീറ്റർ അകലെക്കൂടി കടന്ന് പോയ്ക്കൊണ്ടിരുന്ന ഈ ബഹിരാകാശക്കല്ല് രണ്ട് പതിറ്റാണ്ടു കൊണ്ട് ചുരുങ്ങി ചുരുങ്ങി ഭൂമിയുമായുള്ള അകലം വളരെ കുറച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ പാത ഇനിയും ചുരുങ്ങുമെന്നാണ് ശാസ്ത്രലോകം ഭയപ്പെടുന്നത്.
2029ൽ ഭൂമിയുമായുള്ള ഈ അകലം നേരത്തെ സൂചിപ്പിച്ചപ്പോലെ 30000 കിലോമീറ്ററിൽ എത്തുമെന്ന് ശാസ്ത്രലോകം കണക്കുകൂട്ടുന്നു. ഇതേ അകലത്തിൽ കടന്ന് പോയാലും പ്രശ്നമില്ല. വീണ്ടും അടുത്തുകൂടെ എന്നാണ് ശാസ്ത്രജ്ഞരുടെ ഒരു നിഗമനം. അതിന് പല കാരണങ്ങളുണ്ട് മറ്റേതെങ്കിലും ചെറിയ ഉൽക്കകളുമായി അപോഫിസ് കൂട്ടി മുട്ടി ദിശമാറി ഭൂമിക്കടുത്തേക്ക് വരാം. അങ്ങനെ സംഭവിച്ചാൽ അത് ഭയാനകമായിരിക്കും. എന്നാൽ ചില ശാസ്ത്രജ്ഞർ ഇത് തള്ളിക്കളയുന്നുമുണ്ട്. ഇനി കൂട്ടി മുട്ടിയില്ലെങ്കിലും ഇവ കടന്ന് പോകുന്നത് ബഹിരാകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങളുടെ സമീപത്തു കൂടിയായിരിക്കും. വിവിധ ആവശ്യങ്ങൾക്കായി മനുഷ്യൻ അയച്ച കൃത്രിമ ഉപഗ്രഹങ്ങളാണിത്. വാർത്താവിനിമയം മുതൽ കാലാവസ്ഥാപഠനം വരെയുള്ളവ ഇതിൽപ്പെടും. ഇവയെയൊക്കെ തട്ടിതെറിപ്പിച്ചു നശിപ്പിക്കാൻ അപോഫിസിന് കഴിഞ്ഞേക്കാം. അങ്ങനെ സംഭവിച്ചാൽ തന്നെ അത് ഭൂമിയിൽ വൻദുരന്തം സൃഷ്ടിച്ചേക്കും.പതിറ്റാണ്ടുകൾ മനുഷ്യരാശിയെ പുറകോട്ട് അടിപ്പിക്കും അപോഫിസ് ഭൂമിയോട് അടുത്ത് വൻ വിനാശം വിതക്കുമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.
യൂറോപ്യൻ യൂണിയൻ ബഹിരാകാശ ഏജൻസി അപോഫിസ് ഉയർത്തുന്ന ഭീഷണി നേരിടാൻ ഒരു പേടകം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത വർഷം അത് പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പേടകം വിക്ഷേപിച്ചു കഴിഞ്ഞാൽ അത് ഈ ഉൽക്കയെ പിന്തുടരും. അപകടമായ രീതിയിൽ എത്തിയാൽ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ഈ പേടകം ഉൽക്കയുടെ ദിശമാറ്റി വിടുകയോ, വേണ്ടി വന്നാൽ ഇടിച്ചുതെറിപ്പിക്കുകയോ ചെയ്യുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.
നാസയുടെ ഡാർട്ട് മിഷൻ
ഭൂമിയുടെ നേരെ വരാൻ സാധ്യതയുള്ള ഇത്തരം ഭീഷണികളെ നാസ മുൻകൂട്ടി കണ്ടിരുന്നു. അതിന്റെ ഭാഗമായി അവർ വികസിപ്പിച്ചതാണ് ഡാർട്ട് മിഷൻ. ഭൂമിക്ക് ഭീക്ഷണിയാകുന്ന ആകാശ വസ്തുക്കളെ ബഹിരകാശത്ത് വെച്ചുതന്നെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കഴിഞ്ഞ വർഷം ഭൂമിയിൽ നിന്നും 11 ദശലക്ഷം കിലോമീറ്റർ അകലെയുള്ള 160 മീറ്റർ വലിപ്പമുള്ള ഡിമോർഫോസ് എന്ന ഛിന്നഗ്രഹത്തിൽ നാസയുടെ ഈ ബഹിരകാശ പേടകം ഇടിച്ചു കയറി അതിന്റെ ദിശ മാറ്റുമെന്നായിരുന്നു പ്രതീക്ഷ.ഈ പരീക്ഷണം വൻ വിജയമായിരുന്നു. പക്ഷേ അതിന്റെ ഫലം എത്രത്തോളമെന്ന് ഇനി അറിയേണ്ടതുണ്ട്.
ഈ മിഷന്റെ മുഴുവൻ പ്രവർത്തനങ്ങളും നാസ ലൈവായി കാണിച്ചിരുന്നു. മണിക്കൂറിൽ ഏകദേശം 23,500 കിലോമീറ്റർ വേഗതയിലാണ് ഡാർട്ട് പേടകം ഛിന്നഗ്രഹത്തെ ലക്ഷ്യമാക്കി നീങ്ങിയത്. ഇതൊരു ഇരട്ടഛിന്നഗ്രഹമാണ്. ഏതാണ്ട് അരകിലോമീറ്റർ വലിപ്പമുള്ള മറ്റൊരു ഛിന്നഗ്രഹമായ ഡിഡിമോസിനെയാണ് മുട്ടയുടെ ആകൃതിയുള്ള ഡിമോർഫോസ് വലംവെക്കുന്നത്. ഡാർട്ട് പേടകം ഡിമോർഫോസിൽ കൂട്ടിയിടിക്കുമ്പോൾ വലിയ വെളിച്ചം കാണാൻ സാധിച്ചതായി നാസ വ്യക്തമാക്കി.
ഛിന്ന ഗ്രഹങ്ങൾ ചെറിയവനാണോ?
പേര് ചിന്നൻ എന്നാണെങ്കിലും ഭൂമിയിലെ മനുഷ്യനെ സംബന്ധിച്ച് ഇവൻ ചെറിയവനല്ല, വമ്പനാണ്. സൂര്യനെ ചുറ്റുന്ന പാറക്കഷ്ണങ്ങളോ ലോഹക്കഷ്ണങ്ങളോ പോലുള്ളവയെ ആണ് ഛിന്ന ഗ്രഹങ്ങൾ എന്ന് പറയുന്നത്. ഇവ ചൊവ്വായ്ക്കും വ്യാഴനും ഇടയിലുള്ള ഭാഗത്താണ് പൊതുവെ കാണപ്പെടുന്നത്. ചെറിയ ഉരുളൻപാറകൾ മുതൽ ഭീമകാരമായ പാറകളോ വരെ ആകാം. ഇത്തരം ഛിന്നഗ്രഹങ്ങൾ വഴിമാറി ഭൂമിയിൽ വന്നിടിച്ചു വൻ നാശനഷ്ടങ്ങൾ ഭൂമിയിൽ ഉണ്ടാക്കിയേക്കാം എന്ന് ശാസ്ത്രജ്ഞർ വളരെ മുൻപ് തന്നെ കണ്ടെത്തിയിരുന്നു . ഇന്ന് മനുഷ്യന്റെ ഏറ്റവും വലിയ പഠനശാഖ കൂടിയാണ് ഇത്.
മനുഷ്യനുൾപ്പെടെയുള്ള ജീവ ജാലങ്ങൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നതെങ്കിലും ഭാവിയിൽ ഭൗതികവും വാണിജ്യപരവുമായ നേട്ടം കൊയ്യാൻ കഴിയുന്ന തരത്തിലുള്ള ഛിന്നഗ്രഹ പഠനങ്ങളാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
അതിന്റ ഭാഗമായിരുന്നു 2023 സെപ്റ്റംബർ 23 ന് ഭൂമിയിൽ നിന്നും 8 കോടി കിലോമീറ്റർ അകലെയുള്ള ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും കല്ലും മണ്ണും വാരിയെടുത്തു ഓസിറസ് ദൗത്യ പേടകം അമേരിക്കയിലെ യൂട്ടാ മരുഭൂമിയിൽ ഇറങ്ങിയത്. 2016 ലാണ് ഇത് വിക്ഷേപിച്ചത് 2020 ൽ ഛിന്ന ഗ്രഹത്തിന്റെ അരികിലെത്തി. അവിടെ ലാൻഡ് ചെയ്യാതെ തന്നെ ഛിന്നഗ്രഹത്തിൽ നിന്നും കല്ലും മണ്ണും വാരിയെടുത്തു കൂടെയുള്ള ക്യാപ്സൂൾ പേടകത്തിൽ നിറച്ച് ഭൂമിയിലെക്ക് തിരിച്ചു. ഭൂമിയിൽ എത്തുന്നതിനു ഒരു നിശ്ചിത അകലത്തിൽ വെച്ച് ക്യാപ്സൂൾ പേടകം മാതൃപേടകത്തിൽ നിന്നും വേർപിരിഞ്ഞു ഒറ്റയ്ക്ക് ഭൂമിയിൽ ഇടിച്ചിറങ്ങുകയായിയിരുന്നു. കടുത്ത ഘർഷണം മൂലം ഒരു തീഗോളം പോലെയാണ് പേടകം ഭൂമിയിലേക്ക് തിരിച്ചത്. 2760 ഡിഗ്രി സെൽഷ്യസ് വരെ താപനില താങ്ങാനുള്ള ശേഷി പേടകത്തിന്റെ പുറം പാളിക്കുണ്ടായിരുന്നു. ആകെ 7 വർഷമെടുത്തു ഈ ദൗത്യത്തിന്. വേറിട്ട ഓസിറസ് പേടകം ഭൂമിയിലിറങ്ങാതെ തിരിച്ചു പോയി അടുത്ത ഛിന്നഗ്രഹം അനേഷിച്ച്. ഇതാണ് ശാസ്ത്രത്തിന്റെ മഹത്തായ മറ്റൊരു നേട്ടം.
ഛിന്നഗ്രഹ പഠനത്തിൽ നാം ഒരുപാട് മുന്നേറ്റിക്കഴിഞ്ഞു. ബഹിരാകാശത്തേയ്ക്ക് അയക്കുന്ന പേടകങ്ങളുമായുള്ള കമ്മ്യൂണിക്കേഷൻ റേഡിയോ തരംഗങ്ങൾ വഴിയാണ് സാധാരണ നടത്തുന്നത്. ഇതിന് കാലതാമസം വരുന്നുണ്ട്. അതിനാൽ ഇപ്പോൾ പുതിയ സാങ്കേതിക വിദ്യയാണ് പരീക്ഷിക്കുന്നത്. അതാണ് ലേസർ സിഗ്നൽ കമ്മ്യൂണിക്കേഷൻ. റേഡിയോ കമ്മ്യൂണിക്കേഷനേക്കാൾ 100 ഇരട്ടി വേഗതയും ചിത്രങ്ങളിൽ നല്ല വ്യക്തതയും ഇതുണ്ടാക്കും.
460 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൈക് എന്ന ഛിന്നഗ്രഹത്തിലേക്ക് 2023 ഒക്ടോബർ 13 ന് നാസ അയച്ച 'സൈക്കി' എന്ന പേടകവുമായുള്ള ആശയ വിനിമയമാണ് ലേസർ സിഗ്നൽ വഴി പരീക്ഷിച്ചത്. ഇത് വൻ വിജയമായി. 2029 ലാണ് പേടകം സൈക് ഛിന്നഗ്രഹത്തിൽ എത്തുക.
ധാരാളം ലോഹസമ്പുഷ്ടമായ ഈ ഗ്രഹത്തിൽ നിന്നും മനുഷ്യനാവശ്യമായ പല ധാതുക്കളും ഖനനം ചെയ്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഛിന്നഗ്രഹങ്ങൾ അപോഫിസിനെപ്പോലെ അപൂർവ്വമായി മനുഷ്യനെ ഭീഷണി പ്പെടുത്തുണ്ടെങ്കിലും, മനുഷ്യന്റെ ഭാവിയും ഈ ഛിന്നഗ്രഹങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്നും ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു.











