03:09am 22 November 2026
NEWS
ഖത്തരി പൈതൃകത്തിന് ജാപ്പനീസ് സ്പർശം; എക്സ്പോ 2027 പവലിയൻ ലോഗോയുമായി സൈനബ് അൽ ഷൈബാനി
21/11/2026  10:05 AM IST
nila
ഖത്തരി പൈതൃകത്തിന് ജാപ്പനീസ് സ്പർശം; എക്സ്പോ 2027 പവലിയൻ ലോഗോയുമായി സൈനബ് അൽ ഷൈബാനി

യോക്കോഹാമ (ജപ്പാൻ): ജപ്പാനിൽ നടക്കുന്ന 'എക്സ്പോ 2027 യോക്കോഹാമ'യിലെ ഖത്തർ പവലിയന്റെ ഔദ്യോഗിക ലോഗോ സംഘാടക സമിതി പുറത്തിറക്കി. ഖത്തരി കലാകാരിയും ഡിസൈനറുമായ സൈനബ് അൽ ഷൈബാനിയാണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഖത്തറിന്റെ തനതായ പൈതൃകത്തിൽ നിന്നും ദേശീയ സ്വത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ജാപ്പനീസ് സംസ്കാരത്തിന്റെ സൗന്ദര്യാത്മകതയുമായി സമന്വയിപ്പിച്ചാണ് ലോഗോ തയ്യാറാക്കിയിട്ടുള്ളത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ആശയവിനിമയത്തെയും ദേശീയ തനിമയെയും പ്രതിഫലിപ്പിക്കുന്നു.  
​എക്സ്പോയിൽ പങ്കെടുക്കുന്നതിനുള്ള ഖത്തറിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ലോഗോ പ്രകാശനം ചെയ്തത്. പവലിയന്റെ ദൃശ്യാവിഷ്കാരം വികസിപ്പിക്കുന്നതിലും ഖത്തരി പൈതൃകത്തെയും സംസ്കാരത്തെയും ആധുനിക കലാപരമായ കാഴ്ചപ്പാടോടെ ആഗോള പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിലും സ്വദേശി പ്രതിഭകളെയും കലാകാരന്മാരെയും പങ്കാളികളാക്കാൻ സംഘാടക സമിതി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.ഖത്തരി പുരുഷന്മാരുടെ പരമ്പരാഗത ശിരോവസ്ത്രമായ 'അഗാലിൽ' (Agal) നിന്നാണ് സൈനബ് അൽ ഷൈബാനി ഈ ലോഗോയുടെ പ്രധാന ആശയം സ്വീകരിച്ചത്. അഗാൽ അഴിച്ചിടുമ്പോൾ 8 എന്ന അക്കത്തിന് സമാനമായ ഒരു ദൃശ്യരൂപം ലഭിക്കുന്നു. ഈ രൂപവും അറബി അക്ഷരങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിച്ചതിലൂടെ, അറബിയിലെ 'ഖത്തർ' (قطر) എന്ന വാക്കിലെ 'ഖാഫ്' (ق), 'ത്വാഅ്' (ط) എന്നീ അക്ഷരങ്ങളുടെ വൃത്താകൃതിയിലുള്ള വളവുകളിലേക്ക് അവർ എത്തിച്ചേർന്നു. അഗാലിന്റെ വളവുകളും അറബി അക്ഷരങ്ങളുടെ സവിശേഷതകളും സംയോജിപ്പിച്ച് പാരമ്പര്യത്തെയും ആധുനിക കലയെയും ഒന്നിപ്പിക്കുന്ന ഒരു ദൃശ്യരൂപമാണ് അവർ വികസിപ്പിച്ചെടുത്തത്. ജാപ്പനീസ് എഴുത്തുരീതിയുടെ സൗന്ദര്യാത്മകത, പ്രത്യേകിച്ച് വരകളുടെ ഒഴുക്ക്, സന്തുലിതാവസ്ഥ, ലംബമായ എഴുത്തുരീതി (Vertical writing) എന്നിവയും ലോഗോയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇത് ഖത്തരി-ജാപ്പനീസ് സംസ്കാരങ്ങൾ തമ്മിലുള്ള സൗന്ദര്യപരമായ അടുപ്പത്തെയാണ് സൂചിപ്പിക്കുന്നത്.ഖത്തരി സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന നൂതനമായ ആശയത്തെ അടിസ്ഥാനമാക്കിയാണ് ലോഗോ രൂപകൽപ്പന ചെയ്തതെന്ന് സൈനബ് അൽ ഷൈബാനി പത്രക്കുറിപ്പിൽ പറഞ്ഞു. ജാപ്പനീസ് ഭാഷ പഠിച്ചതും ജാപ്പനീസ് സംസ്കാരത്തോടുള്ള താല്പര്യവും അറബി കാലിഗ്രാഫിയും ജാപ്പനീസ് എഴുത്തുരീതിയും തമ്മിലുള്ള സൗന്ദര്യപരമായ സമാനതകൾ തിരിച്ചറിയാൻ തന്നെ സഹായിച്ചതായി അവർ വ്യക്തമാക്കി. ദേശീയ പ്രോജക്റ്റിൽ സംഘാടകl സമിതിയുമായി സഹകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, ഖത്തരി സർഗ്ഗാത്മകത ആഗോള തലത്തിൽ അവതരിപ്പിക്കാനും സംസ്കാരങ്ങൾ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച അവസരമാണിതെന്ന് സൈനബ് അൽ ഷൈബാനിപറഞ്ഞു.
ഡിസൈൻ, വിഷ്വൽ ആർട്സ് മേഖലകളിലെ ശ്രദ്ധേയയായ ഖത്തരി പ്രതിഭയാണ് സൈനബ് അൽ ഷൈബാനി. ഖത്തറിലെ വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ദി ആർട്സിൽ നിന്ന് 2021-ൽ ഗ്രാഫിക് ഡിസൈനിൽ ഉന്നത ബഹുമതിയോടെ ബിരുദം നേടി. 2022-ൽ ന്യൂയോർക്കിലെ ഐ.എസ്.സി.പി (ISCP) ആർട്ട് റെസിഡൻസി പ്രോഗ്രാമിൽ പങ്കെടുക്കുകയും സിൽക്ക് സ്ക്രീൻ പ്രിന്റിംഗ്, ആർട്ട് ബുക്ക് നിർമ്മാണം എന്നിവയിൽ തന്റെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്തു.പാരമ്പര്യത്തെയും ആധുനികതയെയും ഒന്നിപ്പിക്കുന്നതും ലോക സംസ്കാരങ്ങളുമായി സംവദിക്കുന്നതുമായ ഖത്തർ പവലിയന്റെ ദൃശ്യാവിഷ്കാരത്തിലെ പ്രധാന ഘടകമാണ് ഈ ലോഗോ. 2027 മാർച്ച് 19 മുതൽ സെപ്റ്റംബർ 26 വരെയാണ് ജപ്പാനിൽ 'എക്സ്പോ 2027 യോക്കോഹാമ' നടക്കുന്നത്. "സന്തോഷത്തിനായുള്ള ഭാവി കാഴ്ചകൾ" (Scenery of the Future for Happiness) എന്ന പ്രമേയത്തിൽ നടക്കുന്ന ഈ മേളയിൽ നിരവധി രാജ്യങ്ങൾ പങ്കെടുക്കും. ഹോർട്ടികൾച്ചർ (ഉദ്യാനകൃഷി) മേഖലയിലെ പ്രമുഖ അന്താരാഷ്ട്ര പ്രദർശനമായ ഇത്, സുസ്ഥിരത, പ്രകൃതിയുമായുള്ള സഹവർത്തിത്വം, വരും തലമുറയ്ക്കായി സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നൂതന ആശയങ്ങളും പരിഹാരങ്ങളും എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img