
വെൺമണി: കാട്ടുപന്നി കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു. വെണ്മണിയിലെ മൂന്ന് കർഷകരുടെ കാർഷിക വിളകളാണ് കഴിഞ്ഞ രാത്രി പന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചത്. പടിഞ്ഞാറെ ആലുനിൽക്കുന്നതിൽ എ.ജെ തങ്കച്ചൻ്റെ കുലയ്ക്കാറായ 50ഓളം ഏത്തവാഴക ളും 45 മുട് ചേമ്പും, 29 മുട് ചേനയുമാണ് കുത്തിമറിച്ച് നശിപ്പിച്ചത്. കൂടാതെ പച്ചക്കറിയും വ്യാപകമായി നശിപ്പിച്ചു . വെണ്മണി കല്ല്യാത്ര വിപണിക്ക് സമീപം പാട്ടത്തിനെടുത്ത ഭൂമിയിലാണ് തങ്കച്ചൻ കൃഷി ചെയ്‌തു വരുന്നത്. മുൻപും ഈ പറമ്പിൽ ചെറിയ വാഴകൾ നശിപ്പിച്ചിരുന്നു. അവ രണ്ടാമതും നാമ്പെടുത്തു വന്നപ്പോൾ അതും നശിപ്പിച്ചു. ഇതിനു സമീപത്തുള്ള കിറുങ്ങണമലയിൽ സുഭദ്രാമ്മയുടെ ചേനകളും, നാലൊന്നിൽ സൈമൺ പാസ്‌റ്ററുടെ 40 മുട് ഏത്തവാഴയും നശിപ്പിച്ചു. വെണ്മണി പടിഞ്ഞാറ്റുംമുറി ഭാഗത്തും കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ സാനിദ്ധ്യം ഉണ്ടായിരുന്നു. ഇവിടെ
ജാതി മരത്തിൻ്റെ ചുവട്ടിൽ ഇട്ടിരുന്ന ചാണകവളം കുത്തിയിളക്കി മറിച്ച നിലയിൽ കാണപെട്ടു.
കാട്ടുപന്നിയെ തുരത്തുവാൻ പല ഉപായങ്ങൾ കർഷകർ പ്രയോഗിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പന്നി വിളനാശം തുടരുകയാണ്. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇട പെട്ട് പന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.











