05:48am 26 May 2026
NEWS
'ശവം തൂക്കുന്ന' ഗസറ്റഡ് ഉദ്യോഗസ്ഥൻ...?
25/07/2025  10:00 PM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
ശവം തൂക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥൻ...?
HIGHLIGHTS

ആർ.കെ. കൃഷ്ണകുമാർ  ഡി.വൈ.എസ്.പി.(റിട്ട.)

ജോലിയിൽ സത്യസന്ധത പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ. ഒരു സ്വാധീനത്തിനും വഴങ്ങാത്ത ഓഫീസർ. എതു സ്റ്റേഷന്റെ ചുമതല ഏറ്റെടുത്താലും ആ സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയ നേതാക്കളേയും പൗരപ്രമുഖരേയും പ്രമാണിമാരേയും വിളിച്ച് സ്റ്റേഷനിലെത്തുന്ന ഒരു കേസിലും ഇടപെടരുതെന്നും റെക്കമെന്റുമായി എത്തരുതെന്നും നിർദ്ദേശം നൽകും.ഏതൊരു വ്യക്തിക്കും ഏതു സമയത്തും പോലീസ് സ്റ്റേഷനിൽ നിർഭയം കടന്നു ചെല്ലാനും വേവലാതികൾ ധൈര്യപൂർവം പറയാനും പൂർണ സ്വാതന്ത്ര്യം അനുവദിച്ചു. പോലീസ് സേനയിലെ വേറിട്ടൊരു കാഴ്ചപ്പാടിനുടമയായിരുന്നു അദ്ദേഹം. രാത്രിയിൽ പത്ത് മണി കഴിഞ്ഞാൽ തന്റെ സ്റ്റേഷൻ പരിധിയിൽ ഒരു മനുഷ്യരെപ്പോലും അലഞ്ഞു തിരിയാൻ അനുവദിച്ചിരുന്നില്ല. പത്തു മണിക്കു മുൻപ് തന്നെ ഏവരും അവരവരുടെ വീടുകളിലേക്ക് പോകണം. പോലീസുകാരോടും കർക്കശക്കാരനായിരുന്നു ഈ ഉദ്യോസ്ഥൻ. ഡ്യൂട്ടിയിൽ കൃത്യതയും സത്യസന്ധതയും പുലർത്താൻ അദ്ദേഹം അവരെ നിർബന്ധിക്കും.
കൃഷ്ണകുമാർ എസ്.ഐ ആയിരുന്ന സമയത്ത് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ (തേവര) പരിധിയിൽ നടന്ന ഒരു വെട്ടു കേസും തുടർന്നു വെട്ടുകൊണ്ടയാൾ മരിക്കുവാനുമിടയായ സംഭവത്തിൽ തന്റെ ബുദ്ധിപരമായ സമീപനത്തിലൂടെ കൊലപാതകിയെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുത്ത അനുഭവമാണ് അദ്ദേഹം പോലീസ്‌സ്റ്റോറിയിലൂടെ വെളിപ്പെടുത്താൻ ശ്രമിക്കുന്നത്.

കേസുകൾ തലയ്ക്ക് മീതെ ഉണ്ടാകും. അതൊക്കെ തെളിയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ നാട്ടിൽ കുറ്റം ചെയ്യുന്നവർ പോലീസുകാരനെ മുൾമുനയിൽ നിർത്തി വട്ടംചുറ്റിക്കാൻ കഴിവുള്ളവനായിരിക്കും.അവിടെ വേണ്ടത് കള്ളനും പോലീസും കളിയല്ല. ഹിച്ച്‌ഹോക്കിന്റെ കഥാപാത്രങ്ങളെ വെല്ലുന്ന, റോബിൻഹുഡിന്റെ ചെയ്തികളെ നിഷ്പ്രഭമാക്കി മുന്നേറുന്ന അതിബുദ്ധിമാന്മാരെന്നു വിശേഷിപ്പിച്ച് അഹങ്കരിച്ചു നടക്കുന്ന പ്രൊഫഷണൽ ക്രിമിനലുകളെ സ്‌ക്കോട്ട്‌ലന്റ് യാർഡ് പോലീസിന്റെ നിരീക്ഷണ പാടവത്തോടെ വലവിരിച്ചാൽ പോലും വലയിൽ നിന്നു വഴുതിപ്പോയി, പോലീസിന്റെ തന്നെ കൺവെട്ടത്ത് വിലസി നടക്കുന്ന ബോൺ ക്രിമിനലുകളാണ് എപ്പോഴും പോലീസിനു തലവേദന. അഹങ്കാരത്തോടെ വിജയശ്രീലാളിതനെന്ന പോലെ അവൻ പരിഹസിച്ചു കൊണ്ടാടുമ്പോൾ അതിന് ഒരു മുഴം മുൻപേ അവനെ എറിഞ്ഞു വീഴ്ത്താൻ കഴിവുള്ള പോലീസായി മാറണം നമ്മൾ. അങ്ങിനെ വരുമ്പോൾ ചില സന്ദർഭങ്ങളിൽ നമ്മളും അവൻ സഞ്ചരിക്കുന്ന അതേ പാതയിലൂടെ പോകേണ്ടി വന്നെന്നിരിക്കും. കേരളാ പോലീസിന്റെ അത്തരം കഴിവുകളെ അംഗീകരിച്ചേ മതിയാകൂ.അല്ലെങ്കിൽ അതാകണം കേരളാ പോലീസ്.

അത്തരത്തിൽ പോലീസിന് തലവേദന സൃഷ്ടിച്ച സംഭവ ബഹുലമായ ഒരനുഭവ സംക്ഷിപ്തമാണ് ഞാൻ പോലീസ് സ്റ്റോറിയിലൂടെ ഇവിടെ കുറിക്കാൻ ശ്രമിക്കുന്നത്. ഇതെഴുതാൻ എന്നെ നിരന്തരമായി നിർബന്ധിച്ച് പ്രേരണ ചൊലുത്തിയത് 'കേരളശബ്ദ'ത്തിന്റെ കൊച്ചിൻ ബ്യൂറോ ചീഫായ മൈക്കിൾ വർഗീസ് ചെങ്ങാടക്കരിയാണ്.

ഏകദേശം മുപ്പതു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ക്രിമിനൽ കേസ് കുറ്റവാളിയെ തന്ത്രപരമായ ചോദ്യം ചെയ്യലിലൂടെ കീഴ്‌പ്പെടുത്താനും പൂർണ തെളിവുകളോടെ ഹാജരാക്കാനും കഴിഞ്ഞു എന്നത് ഇതെഴുതുമ്പോഴും ഞാൻ അഭിമാനത്തോടെ ഓർക്കുന്നു. സംഭവം നടക്കുന്നത് എറണാകുളം സെൻട്രൽ സ്റ്റേഷൻ  പരിധിയിലാണ്. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ  (തേവര) താഴത്തെ നിലയിലായിരുന്നു എന്റെ ഓഫീസ്. മുകളിലത്തെ നില സിറ്റി പോലീസ് കൺട്രോൾ റൂമായാണ് പ്രവർത്തിച്ചിരുന്നത്.

ഒരു ദിവസം രാത്രിയിൽ പത്തു മണി കഴിഞ്ഞ സമയത്ത് കൺട്രോൾ റൂമിലേക്ക് ഒരു ഫോൺ കോൾ വന്നു. ബ്രോഡ്‌വേയിലുള്ള മലബാർ ഹൗസ് എന്ന ബാർ ഹോട്ടലിനു സമീപത്തായി ഒരു സ്ത്രീ വെട്ടേറ്റു കിടക്കുന്നു എന്നായിരുന്നു സന്ദേശം. ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്നും സിറ്റിയിലെ എല്ലാ സ്റ്റേഷനിലേക്കും വയർലസ് മെസേജ് പോയി.

മലബാർ ഹൗസ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത് സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. സന്ദേശം ലഭിച്ചയുടൻ പോലീസ് സ്‌പെഷ്യൽ ക്രൈം സ്‌കോഡ് ഉൾപ്പെടെ മൂന്നു ടീമുകളായി സംഭവം നടന്നു എന്നു പറയുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ആ സംഘത്തിൽ ഞാനുമുണ്ടായിരുന്നു.'
 സ്ഥലത്തെത്തി അവിടമാകെ പരിശോധിച്ചെങ്കിലും വെട്ടേറ്റ ആരെയും അവിടെയെങ്ങും കണ്ടെത്താനായില്ല. അങ്ങനെയൊരു സംഭവം നടന്നതിന്റെ ഒരു സൂചനയും ലഭിച്ചില്ല. ചോരപ്പാടുകളോ മറ്റ് ഒരു തരത്തിലുള്ള തെളിവുകളോ കണ്ടെത്താനാകാതെ വന്നതോടെ ആ ഫോൺ കോൾ ഒരു ഫേയ്ക്ക് കോൾ ആകാമെന്ന നിഗമനത്തിലെത്തി.

നിരാശയോടെ തിരികെപ്പോരാനായി ജീപ്പിൽ കയറുന്നതിനിടയിൽ മലബാർ ഹൗസ് ഹോട്ടലിനടുത്തുള്ള ഒരു കോമ്പൗണ്ടിൽ രണ്ട് വീടുകൾ കണ്ടു. ഞാൻ ജീപ്പ് അങ്ങോട്ടു വിടാൻ പറഞ്ഞു.കോമ്പൗണ്ടിൽ കടന്നതോടെ ആദ്യം കണ്ട വീട്ടിൽ നിന്നും ഒരാൾ ഇറങ്ങി പുറത്തേക്ക് വന്നു. ഞാൻ ജീപ്പിൽ നിന്നിറങ്ങി അയാളോടു ചോദിച്ചു. 
'ഇവിടെ പരിസരത്തെവിടെയെങ്കിലും ഒരു സ്ത്രീക്ക് വെട്ടേറ്റ സംഭവം ഉണ്ടായതായറിയാമോ?'
'അറിയില്ല സാർ. ഇവിടെയെങ്ങും അങ്ങിനെയൊരു സംഭവം നടന്നതായി കേട്ടിട്ടുപോലുമില്ല. ഇവിടെ എന്തു നടന്നാലും ഞാൻ അറിയാതിരിക്കില്ല സാർ.'
അയാളുടെ മറുപടി കേട്ട് വീണ്ടും നിരാശ.
'ആ വീട്ടിൽ ആരും താമസമില്ലേ..?' കോമ്പൗണ്ടിൽ കണ്ട മറ്റേ വീട് ചൂണ്ടി ഞാൻ ചോദിച്ചു.
'അവിടെ എന്റെ അമ്മയാണ് സാർ താമസം. അമ്മ തനിച്ചാണ് താമസം. ഈ സമയത്ത് നല്ല ഉറക്കത്തിലായിരിക്കും.. '
രാത്രിയിലെ തെരച്ചിൽ മതിയാക്കി രാവിലെ അന്വേഷിക്കാമെന്ന് മനസ്സിലുറച്ചു തിരിച്ചുപോകാൻ ഭാവിച്ചപ്പോൾ അയാൾ തുടർന്നു.
'സാറ് വന്നാട്ടെ. ഇവിടെ വരെ വന്നതല്ലേ? അമ്മയെ കൂടി കണ്ടിട്ടു പോകാം.'പറഞ്ഞു കൊണ്ടയാൾ മുന്നോട്ടു നടന്നു. ഞാൻ പിറകേയും.
അപ്പോഴേയ്ക്കും തിരച്ചിൽ നടത്തിയ മറ്റു പോലീസ് സംഘങ്ങളും അവിടേയ്ക്ക് വന്നു. അയാൾ ചെന്ന് കതകിനു മുട്ടിയപ്പോഴേക്കും കതക് തുറന്നു.
'അമ്മ കുറ്റി പോലുമിടാതെ കിടന്നുറങ്ങുന്നതു കണ്ടോ?' എന്നു പിറുപിറുത്തു കൊണ്ട് അയാൾ അകത്തു കയറി ലൈറ്റിട്ടു.

അപ്പോൾ അവിടെ കണ്ട കാഴ്ച വല്ലാതെ ഞെട്ടിക്കുന്നതായിരുന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന അയാളുടെ അമ്മ. ചെറിയ ഞരക്കമുണ്ട്. മരിച്ചിട്ടില്ല എന്നുറപ്പായി. അടുത്ത ക്ഷണത്തിൽ അവരെ ആശുപത്രിയിലെത്തിച്ചു. നില മോശമാണെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും പ്രതീക്ഷ കൈവിട്ടില്ല. അമ്മ തിരിച്ചു വരുമെന്ന വിശ്വാസം അയാൾക്കുണ്ടായിരുന്നു അമ്മയുടെ പേര് ഇന്ദിരാഭായി എന്നായിരുന്നു. അവരുടെ ആഭരണങ്ങൾ ഒന്നും കാണാനില്ലെന്ന് അയാളും മറ്റ് വീട്ടംഗങ്ങളും പറഞ്ഞു. മോഷണമായിരുന്നു വന്നവന്റെ ലക്ഷ്യമെന്ന് മനസ്സിലായി. അരിവാൾ വച്ചാണ് വെട്ടിയതെന്നും കണ്ടെത്തി.

കൊല്ലണമെന്ന ചിന്തയൊന്നും ഇല്ലായിരുന്നു എന്നതു വ്യക്തം. ആഭരണം കവരുന്നതിനിടയിൽ ആ സ്ത്രീ എതിർക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി വെട്ടിയതാകാം.  മോഷ്ടാവ് അവർക്ക് പരിചയമുള്ള ആളല്ല എന്നു വ്യക്തം. പരിചയക്കാരനായിരുന്നെങ്കിൽ അവരെ കൊന്നിട്ടേ പോകുമായിരുന്നുളളൂ എന്ന അനുമാനത്തിലെത്തി. പിന്നെ അന്വേഷണം ആ മോഷ്ടാവിനെ തേടിയായി. പല കോണുകളിലൂടെയും അന്വേഷണം ത്വരിതപ്പെടുത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല...

പ്രതിയെ ഇരുട്ടിൽ തപ്പുകയാണോ എന്നൊരു സംശയമുണ്ടായി.നോട്ടപ്പുള്ളികളായി സംശയനിഴലിൽ ഉണ്ടായിരുന്നവരെയെല്ലാം ചോദ്യം ചെയ്തു. അവരൊന്നുമല്ല കൃത്യം നടത്തിയിട്ടുള്ളതെന്ന് മനസ്സിലായതോടെ എല്ലാറ്റിനേയും വിട്ടയച്ചു.
അതീവഗുരുതരാവ സ്ഥയിലായിരുന്ന ഇന്ദിരാഭായി പതിമൂന്നാം ദിവസം മരണത്തിനു കീഴടങ്ങി. അവർ മരിച്ചിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഞാൻ ആകെ നിരാശനായി. ഇന്ദിരാഭായി മരിച്ചതോടെ  കൊലയാളി തൊട്ടുമുന്നിൽ തന്നെയുണ്ടെന്ന് എന്റെ ആറാം ഇന്ദ്രിയം വിളിച്ചു പറയുന്നതു പോലെ തോന്നി.

പക്ഷേ,  ആര്? അതിനുള്ള ഉത്തരം ശൂന്യതയിലാണ്. ഇതിനിടയിൽ മൂന്നാഴ്ച കടന്നു പോയി.. ഒരു ദിവസം കൺട്രോൾ റൂമിലേയ്ക്ക് ഒരു കോൾ വന്നു. കോൾ വിളിച്ചതാകട്ടെ, ഒരു കോൺസ്റ്റബിളും.
'ഒരാൾ മദ്യപിച്ച് ബോധമില്ലാതെ നിൽക്കുന്നു എന്നായിരുന്നു ആ പോലീസുകാരൻ വിളിച്ചറിയിച്ചത്. പോലീസിന്റെ സ്‌പെഷ്യൽ ക്രൈം സ്‌ക്കോഡ് പോലീസ് കോൺസ്റ്റബിൾ പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ മദ്യപിച്ചു മദോന്മത്തനായി നിന്നാടുകയായിരുന്ന ഒരുവനെ പിടികൂടി. സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർക്കെല്ലാം സുപരിചിതനായിരുന്നു ആ മദ്യപാനി.
പേര് പാണാവള്ളി പപ്പു. മോഷണമാണ് തൊഴിൽ. ഒരാളിനെ വെട്ടിപ്പരിക്കേൽപ്പിച്ചു മോഷ്ടിക്കാനുള്ള ത്രാണിയൊന്നും പപ്പുവിനില്ലെന്നാണ് പോലീസുകാരുടെ അഭിപ്രായം. അവരവന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. അവന്റെ കയ്യിൽ ഒരു ചെറിയ ബാഗ് ഉണ്ടായിരുന്നു. അതു വാങ്ങി മേശപ്പുറത്തു വച്ചു. അവനെ മാറിയും തിരിഞ്ഞും പോലീസ് സ്‌ക്കോഡ് ചോദ്യം ചെയ്‌തെങ്കിലും അവൻ ആ കൃത്യം ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചു തന്നെ നിന്നു. പോലീസുകാരും ആ വിഷയത്തിൽ അവൻ നിരപരാധിയാണെന്നുറപ്പിച്ച മട്ടായിരുന്നു. 

ശവം തൂക്കലാണ് അവന്റെ സ്ഥിരം പണിയെന്നാണ് പോലീസ് ഭാഷ്യം. ഓരോ ഇംഗ്ലീഷ് മാസവും ഒന്നാം തീയതി മുതൽ പത്താം തീയതി വരെയുളള കാലയളവിൽ പല ഉദ്യോഗസ്ഥന്മാരും രാത്രി കാലങ്ങളിൽ വീട്ടിൽ പോകാതെ മദ്യപിച്ച് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും അന്തിയുറങ്ങുക പതിവാക്കാറുണ്ട്. ആ സമയങ്ങളിൽ പാണാവള്ളി പപ്പു അവിടെ പ്രത്യക്ഷപ്പെടുകയും അവർക്ക് സമീപം ഉറക്കം നടിച്ചിരുന്ന് അവരുടെ പണവും സാധനങ്ങളും അടിച്ചുമാറ്റി പോവുകയുമാണ് അവന്റെ പതിവ്.ആ തൊഴിലിൽ അവൻ എസ്‌പേർട്ടുമാണ്.
പോലീസ് റെക്കോർഡ്‌സിൽ അതിനിട്ടിരിക്കുന്ന പേരാണ് 'ശവം തൂക്കൽ'. എന്നാൽ അവിടുത്തെ പോലീസുകാർ അവന്  നൽകിയിരിക്കുന്ന സ്‌പെഷ്യൽ പേരാണ് ഗസറ്റഡ് ഉദ്യോഗസ്ഥനെന്ന്. എല്ലാവരും അവനെ നല്ലവനായി പുകഴ്ത്തിയെങ്കിലും എന്റെയുള്ളിൽ അവനെപ്പറ്റി അത്ര മെച്ചപ്പെട്ട ഒരു ധാരണ തോന്നിയില്ല. അവനൊരു പഠിച്ച കള്ളനാണെന്ന് എനിക്കു തോന്നി. എന്തായാലും അവനെ സെല്ലിലിടാൻ ഞാൻ നിർദ്ദേശം നൽകി.

സ്‌പെഷ്യൽ സ്‌ക്കോഡ് പോലീസുകാർ ഡ്യൂട്ടി കഴിഞ്ഞ് പോയ ശേഷം പപ്പുവിനെ ഞാൻ എന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു.ഞാനവനെ പോലീസ് മുറയിൽ ചോദ്യം ചെയ്യാനാരംഭിച്ചു. പക്ഷേ, അവൻ കള്ളന് കഞ്ഞിവച്ചവനായിരുന്നു. അവനിൽ നിന്നും പഴയ പല്ലവിയല്ലാതെ ഒന്നും പുറത്തുവന്നില്ല. കഠിനമായ പോലീസ് മുറപോലും അവനിൽ നിന്നും ഒന്നും കണ്ടെത്താൻ സഹായിച്ചില്ല. ഉറച്ച പാറപോലെയായിരുന്നു അവന്റെ മനസ്സ്.ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്നും ഒരു മാലയും ലോക്കറ്റും കണ്ടെത്തി. പൂർണത്രയീശന്റെ രൂപം പതിച്ച ലോക്കറ്റായിരുന്നു അത്. ആ ലോക്കറ്റ് ആരുടെതാണെന്ന ചോദ്യത്തിന് അവന്റെ അമ്മയുടേതാണെന്നായിരുന്നു മറുപടി. അവനെ പൂട്ടാൻ തന്നെ ഞാൻ തീരുമാനിച്ചു.
മരിച്ച ഇന്ദിരാഭായിയുടെ മകനേയും കുടുംബക്കാരെയും സ്റ്റേഷനിൽ വരുത്തി മാലയും ലോക്കറ്റും കാട്ടി. അത് അവരുടെ അമ്മയുടേതാണെന്നു സ്ഥിരീകരിച്ചു. ഞാൻ തനി പോലീസായി പാണാവള്ളി പപ്പുവിനെ ഒന്നു സൽക്കരിച്ചു. പിന്നെയവന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. നടന്നതെല്ലാം അവൻ തുറന്നു പറഞ്ഞു. ഒരിക്കൽ അവൻ ഇന്ദിരാഭായിയുടെ വീടിനു സമീപത്തു കൂടി പോകുമ്പോൾ അവരുടെ ശരീരത്തിൽ കിടന്ന ആഭരണങ്ങൾ കാണാനിടയായി. അവരവിടെ ഒറ്റയ്ക്കാണ് താമസമെന്നും മനസ്സിലായതോടെ ആ ആഭരണങ്ങൾ മോഷ്ടിക്കാൻ തീരുമാനിച്ചു. രാത്രിയായപ്പോൾ ഗ്രിൽ പൊളിച്ച് അകത്തു കടന്നു. ആഭരണങ്ങൾ കവരുന്നതിനിടയിൽ ഇന്ദിരാഭായിയുമായി ചെറിയ പിടിവലിയായി. ആ സമയത്ത് വാക്കത്തി ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടിയ ശേഷം ആഭരണങ്ങളുമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ശേഷം പാണാവള്ളി പപ്പു തന്നെയാണ് സ്ത്രീയെ വെട്ടിയ വിവരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത്. അവന്റെ അതിബുദ്ധി അവനു തന്നെ വിനയായി തീർന്നു. അങ്ങനെ യഥാർത്ഥ ചിത്രം പുറത്തു വന്നു.

ബാക്കി ആഭരണങ്ങൾ ഐലന്റിന് സമീപത്തുള്ള പഴയ ബോട്ടു ജട്ടിയിൽ കുഴിച്ചിട്ടടത്തു നിന്നു കണ്ടെടുത്തു. അങ്ങനെ സകല തെളിവുകളോടെയും തൊണ്ടിമുതൽ സഹിതം കോടതിയിൽ ഹാജരാക്കി. കൊലക്കുറ്റത്തിന് കോടതി അവനെ ശിക്ഷിച്ചു.
എന്റെ ഉറക്കം കെടുത്തിയ ഈ കേസ് തെളിയിക്കാൻ എനിക്ക് പ്രേരണയായത് ഏതോ ഒരു ശക്തി എനിക്കു തന്ന ആത്മവിശ്വാസം മാത്രമാണ്. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.