
നിക്ഷേപ പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിന്റെ വിവരങ്ങൾ പുറത്ത്. തെലങ്കാനയിൽ പ്രവർത്തിച്ചിരുന്ന നിക്ഷേപ സ്ഥാപനത്തിന്റെ മറവിൽ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് കോടികളുടെ തട്ടിപ്പ് നടന്നത്. 48 ശതമാനം വാർഷിക ലാഭവിഹിതം വാഗ്ദാനം ചെയ്ത് 7,400 പേരിൽനിന്ന് തട്ടിയെടുത്തത് 670 കോടി രൂപയെന്നാണ് പുറത്തുവരുന്ന വിവരം. കേസിലെ പ്രധാന പ്രതിയായ നാനാവത് ഭൂപാല നായിക്കിനും ഇയാളുടെ സ്ഥാപനങ്ങൾക്കുമെതിരെ സൈബരാബാദ് ഇക്കണോമിക് ഒഫൻസ് വിങ് അന്വേഷണം ശക്തമാക്കി.
അൽഗോരിതം അധിഷ്ഠിത ഓഹരി വ്യാപാര സ്ഥാപനമെന്ന് അവകാശപ്പെട്ടിരുന്ന 'ഷെയേഴ്സ് ബസാർ' വഴിയായിരുന്നു തട്ടിപ്പിന്റെ പ്രധാന ഭാഗം. നിക്ഷേപിക്കുന്നവർക്ക് പ്രതിമാസം നാല് ശതമാനം, അതായത് വർഷത്തിൽ 48 ശതമാനം ലാഭം നൽകുമെന്നായിരുന്നു വാഗ്ദാനം. പുതിയ നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ച് പഴയ നിക്ഷേപകർക്ക് ലാഭവിഹിതമായി നൽകുന്ന പോൺസി മാതൃകയിലായിരുന്നു പ്രവർത്തനം. എന്നാൽ 2025 അവസാനത്തോടെ പണമിടപാടുകൾ നിലയ്ക്കുകയും നിക്ഷേപകർ പ്രതിസന്ധിയിലാകുകയും ചെയ്തു.
റിയൽ എസ്റ്റേറ്റ് മേഖലയിലൂടെയും നിക്ഷേപകരെ ആകർഷിക്കാൻ പ്രതി ശ്രമിച്ചിരുന്നു. ഇതിനായി ഉപയോഗിച്ചത് 'കിസാൻ പരിവാർ' എന്ന സ്ഥാപനമാണ്. 12.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5,445 ചതുരശ്ര അടി ഭൂമി നൽകുമെന്നും 12 മാസത്തെ ലോക്ക്-ഇൻ കാലയളവിൽ 24 ശതമാനം നികുതിരഹിത ലാഭം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
670 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും കമ്പനികളുമായി ബന്ധപ്പെട്ട 70 ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പോലീസിന് കണ്ടെത്താനായത് 35 ലക്ഷം രൂപ മാത്രമാണ്. തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിന്റെ ഭൂരിഭാഗവും ബിനാമി പേരുകളിലേക്ക് മാറ്റുകയോ കള്ളപ്പണം വെളുപ്പിച്ച് ഷെൽ കമ്പനികൾ വഴി കൈമാറുകയോ ചെയ്തതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കെട്ടിട നിർമാണത്തൊഴിലാളിയിൽനിന്ന് കോടികളുടെ നിക്ഷേപ സാമ്രാജ്യത്തിന്റെ ഉടമയിലേക്ക്
തെലങ്കാനയിലെ വികാരാബാദ് ജില്ലക്കാരനായ നാനാവത് ഭൂപാല നായിക്കിന്റെ വളർച്ചയും തട്ടിപ്പിന്റെ വ്യാപ്തിക്കൊപ്പം ശ്രദ്ധ നേടുകയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പിതാവിനൊപ്പം ഹൈദരാബാദിലെത്തിയ ഇയാൾ ആദ്യം കെട്ടിട നിർമാണത്തൊഴിലാളിയായും പിന്നീട് പെട്രോൾ പമ്പ് ജീവനക്കാരനായും ജോലി ചെയ്തു. ഓപ്പൺ സ്കൂൾ സംവിധാനത്തിലൂടെ ബിരുദം പൂർത്തിയാക്കിയെന്നാണ് ഇയാളുടെ അവകാശവാദം.
2013-ൽ ഒരു സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തിന്റെ ഏജന്റായി പ്രവർത്തനം തുടങ്ങിയതോടെയാണ് സാമ്പത്തിക മേഖലയിൽ ഇയാൾക്ക് ബന്ധങ്ങൾ രൂപപ്പെട്ടത്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ഇടപാടുകാരെ സ്വന്തമാക്കിയ ഭൂപാല നായിക് പിന്നീട് സ്വന്തം ബ്രോക്കറേജ് ഫ്രാഞ്ചൈസി ആരംഭിച്ചു.
2016-ലാണ് കിസാൻ പരിവാർ എന്ന കമ്പനി രജിസ്റ്റർ ചെയ്തത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയായിരുന്നു കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് 2020-ൽ അൽഗോരിതം അധിഷ്ഠിത ഓഹരി വ്യാപാര സ്ഥാപനമെന്ന പേരിൽ ഷെയേഴ്സ് ബസാർ ആരംഭിച്ചു. നേരത്തെയുണ്ടായിരുന്ന ഇടപാടുകാരെയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തെയും ഉപയോഗിച്ചാണ് കൂടുതൽ നിക്ഷേപകരെ ആകർഷിച്ചത്.
ഭൂമിയും കെട്ടിടങ്ങളും ആഡംബര വില്ലയും കണ്ടുകെട്ടി
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 140 ഏക്കർ കൃഷിഭൂമി പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഇതിൽ 70 ഏക്കർ കിസാൻ പരിവാർ ഭൂമി നിക്ഷേപ പദ്ധതിയിൽ പണം മുടക്കിയവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കൂടാതെ 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള രണ്ട് വാണിജ്യ കെട്ടിടങ്ങളും ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന ആഡംബര വില്ലയും അന്വേഷണ സംഘം കണ്ടുകെട്ടി.
അതേസമയം, ജാമ്യാപേക്ഷയിൽ താൻ കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത ദരിദ്ര കുടുംബത്തിൽനിന്നുള്ളയാളാണെന്നാണ് ഭൂപാല നായിക് വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് സാധാരണക്കാരുടെ സമ്പാദ്യം നഷ്ടപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം തുടരുകയാണ്.











