
ദോഹ: കലയും സംഗീതവും പങ്കിടുന്ന കൂട്ടായ്മയായ 360 ബീറ്റ്സ് തങ്ങളുടെ ആദ്യ സംഗീത പരിപാടിയായ “താളം” ഫെബ്രുവരി 5ന് ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ICC) അവതരിപ്പിക്കും. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനച്ചടങ്ങ് ഐസിസി ആസ്ഥാനത്ത് നടന്നു.
സംഗീതത്തോടുള്ള ആത്മാർഥമായ സ്നേഹവും കലാപരമായ കാഴ്ചപ്പാടുകളും പങ്കുവെക്കുന്ന കൂട്ടായ്മയായ 360 ബീറ്റ്സിന്റെ ‘താളം’ സംഗീതത്തിന്റെ വിവിധ മാനങ്ങളിലൂടെ പ്രേക്ഷകരെ ഹൃദയസ്പർശിയായ സംഗീതയാത്രയിലേക്ക് നയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
പ്രശസ്ത ഗായിക സിന്ധു പ്രേംകുമാർ, ജനപ്രിയ ഗായകൻ ആസിഫ് കാപ്പാട് എന്നിവർ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായിരിക്കും. മലയാള സിനിമാഗാനങ്ങളും മെലഡികളും ഉൾപ്പെടെ വൈവിധ്യമാർന്ന സംഗീതാവിഷ്കാരങ്ങൾ ‘താളം’ വേദിയിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
പോസ്റ്റർ പ്രകാശനച്ചടങ്ങിൽ ഐസിസി ഭാരവാഹികളും 360 ബീറ്റ്സ് അംഗങ്ങളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. ഖത്തറിലെ സംഗീതപ്രേമികൾക്ക് മറക്കാനാകാത്ത ഒരു സംഗീതസന്ധ്യ സമ്മാനിക്കുകയാണ് ‘താളം’ എന്ന പരിപാടിയിലൂടെ 360 ബീറ്റ്സ് ലക്ഷ്യമിടുന്നതെന്നും സംഘാടകർ പറഞ്ഞു.











