09:38am 06 November 2026
NEWS
മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള 24 മണിക്കൂർ കസ്റ്റഡിയിലെടുത്ത നിമിഷം മുതൽ: സുപ്രീംകോടതി
06/11/2026  08:02 AM IST
നിയമകാര്യ ലേഖകൻ
മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള 24 മണിക്കൂർ കസ്റ്റഡിയിലെടുത്ത നിമിഷം മുതൽ: സുപ്രീംകോടതി

ന്യൂഡൽഹി: ഒരാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി കണക്കാക്കേണ്ടത് യഥാർഥത്തിൽ കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്നും ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ലെന്നും സുപ്രീംകോടതി. ‘കസ്റ്റഡി’, ‘അറസ്റ്റ്’ എന്നിവയ്ക്കിടയിൽ കൃത്രിമമായ വേർതിരിവ് സൃഷ്ടിക്കുന്നത് ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനയുടെ അനുച്ഛേദം 22(2) പ്രകാരമുള്ള സംരക്ഷണം, അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകിപ്പിക്കുന്നതിലൂടെ നിഷേധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനയ്ക്കും ചോദ്യംചെയ്യലിനും അന്വേഷണത്തിനുമായി അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുമ്പ് ഒരാളെ കസ്റ്റഡിയിൽ പാർപ്പിച്ച സമയവും ഈ 24 മണിക്കൂറിൽ ഉൾപ്പെടും. കസ്റ്റഡിയിലെടുത്ത സ്ഥലത്തുനിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ സമയം മാത്രമാണ് ഭരണഘടന അനുവദിക്കുന്ന ഒഴിവ്.
വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്ന സമയം നിർണായകം
കുറച്ചുസമയത്തേക്കുള്ള കസ്റ്റഡി അറസ്റ്റായി കണക്കാക്കാനാവില്ലെന്ന വാദവും കോടതി നിരാകരിച്ചു. മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനാവില്ല. ഒരാളുടെ സ്വാതന്ത്ര്യം യഥാർഥത്തിൽ നിയന്ത്രിക്കപ്പെട്ട നിമിഷമാണ് സമയപരിധി കണക്കാക്കുന്നതിൽ നിർണായകമെന്ന് ബെഞ്ച് വ്യക്തമാക്കി.
പരിശോധനയും പിടിച്ചെടുക്കലും പൂർത്തിയായശേഷം ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്ന അറസ്റ്റ് സമയം മുതൽ മാത്രം 24 മണിക്കൂർ കണക്കാക്കുന്നത് നിയമപരമായി നിലനിൽക്കാത്തതും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വിലയിരുത്തി.
കസ്റ്റഡിയിലെടുത്ത സമയവും മജിസ്‌ട്രേറ്റ് പരിശോധിക്കണം
ഹാജരാക്കപ്പെടുന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്ത തീയതിയും സമയവും മജിസ്‌ട്രേറ്റുമാർ രേഖപ്പെടുത്തണമെന്നും അന്നുമുതൽ 24 മണിക്കൂർ സമയപരിധി പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഔദ്യോഗിക അറസ്റ്റ് രേഖയിലെ സമയം മാത്രം പരിഗണിച്ചാൽ മതിയാകില്ലെന്നാണ് വിധിയുടെ സന്ദേശം.
അറസ്റ്റിനു മുമ്പുള്ള കസ്റ്റഡി കാലയളവ് 24 മണിക്കൂറിൽനിന്ന് ഒഴിവാക്കാമെന്ന നിലപാട് സ്വീകരിച്ച ഒഡിഷ, കേരള, മദ്രാസ് ഹൈക്കോടതികളുടെ ചില വിധികളോട് സുപ്രീംകോടതി വിയോജിച്ചു. ആര്യമാൻ പട്ട്നായക്, അരുൺ കെ. തോമസ്, കണ്ണൻ കേസുകളിലെ ബന്ധപ്പെട്ട നിലപാടുകൾ അനുച്ഛേദം 22(2) പ്രകാരമുള്ള ശരിയായ നിയമവ്യാഖ്യാനമല്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, വ്യക്തിയുടെ സ്വാതന്ത്ര്യം യഥാർഥത്തിൽ നിയന്ത്രിക്കപ്പെടുന്ന സമയം മുതൽ സമയപരിധി ആരംഭിക്കുമെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതിയുടെ ബിശ്വജിത് മണ്ഡൽ കേസിലെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.
വിധി എൻഡിപിഎസ് കേസിലെ അപ്പീലുകളിൽ
ലഹരിമരുന്ന് കേസിൽ ജാമ്യം നിഷേധിച്ച ത്രിപുര ഹൈക്കോടതി വിധിക്കെതിരെ നാലുപേർ നൽകിയ അപ്പീലുകൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർണായക നിലപാട്.
2025 സെപ്റ്റംബർ 29-ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഇവരെ പരിശോധനയുടെയും പിടിച്ചെടുക്കലിന്റെയും ഭാഗമായി കസ്റ്റഡിയിലെടുത്തത്. എന്നാൽ, ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തിയത് സെപ്റ്റംബർ 30-ന് രാവിലെ പതിനൊന്നുമണിക്കായിരുന്നു. സെപ്റ്റംബർ 29-ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ കണക്കാക്കി 24 മണിക്കൂറിനുള്ളിൽ ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img