ഹാൻഡ് ക്രാഫ്റ്റഡ് ഉൽപ്പന്നങ്ങളുടെ സമ്പൂർണ്ണ ശേഖരം അവതരിപ്പിക്കുന്ന നഗരത്തിലെ ആദ്യ സ്റ്റോർ.

ഹാൻഡ് ക്രാഫ്റ്റഡ് ഉൽപ്പന്നങ്ങളുടെ സ്റ്റോർ നീല ബ്ലൂ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 മണിക വിശ്വകർമ ഉദ്‌ഘാടനം ചെയ്യുന്നു. നീല ബ്ലൂ സ്ഥാപകയും ജോസ് ആലുക്കാസ് ഡയറക്ടറുമായ സ്മിത ആലുക്കാസ്, ജോസ് ആലുക്കാസ് ചീഫ് പേട്രണും മാനേജിംഗ് ഡയറക്ടറുമായ വർഗീസ് ആലുക്കാസ്, തൃശൂർ എംഎൽഎ രാജൻ ജെ. പള്ളൻ, തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഡിഎസ്ആർ ഗ്രൂപ്പ് സിഎംഡി ദേവി സുധാകർ റെഡ്ഡി എന്നിവർ സമീപം.
തൃശൂർ : പ്രീമിയം ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ ശേഖരമായ നീല ബ്ലൂ ബൈ സ്മിത ആലുക്കാസ് തങ്ങളുടെ ആദ്യ സ്റ്റോർ തൃശൂർ ഈസ്റ്റ് ഫോർട്ടിലെ തോട്ടത്തിൽ ലെയ്‌നിൽ തുറന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
തൃശൂർ എംഎൽഎ രാജൻ ജെ. പള്ളൻ, തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഡിഎസ്ആർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദേവി സുധാകർ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 മണിക വിശ്വകർമ സ്റ്റോർ ഉദ്ഘാടനം ചെയ്തു. ദേവി സുധാകർ റെഡ്ഡി ആദ്യ വാങ്ങൽ നടത്തി.
ജോസ് ആലുക്കാസ് ചെയർമാൻ ജോസ് ആലുക്കാസും ഭാര്യ ആനി ആലുക്കാസും ചേർന്ന് നിലവിളക്ക് തെളിയിച്ചു. ജോസ് ആലുക്കാസ് കുടുംബത്തിലെ മറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ആറായിരം ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്റ്റോറിൽ തയ്ച്ചതും തയ്ക്കാത്തതുമായ സൽവാർ വസ്ത്രങ്ങൾ, സാരികൾ, പരമ്പരാഗത പുരുഷ വസ്ത്രങ്ങൾ, ജയ്പൂർ ആഭരണങ്ങൾ, ഗൃഹോപയോഗ തുണിത്തരങ്ങൾ, ബാഗുകൾ, പാദരക്ഷകൾ, അലങ്കാര വസ്തുക്കൾ, എന്നിവ ലഭ്യമാണ്. പ്രഗത്ഭരായ നെയ്ത്തുകാരിൽ നിന്നും കരകൗശല വിദഗ്ധരിൽ നിന്നും നേരിട്ട് ശേഖരിച്ച ഉൽപ്പന്നങ്ങളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്.
നീല ബ്ലൂ സ്ഥാപകയും ജോസ് ആലുക്കാസ് ഡയറക്ടറുമായ സ്മിത ആലുക്കാസ് പറഞ്ഞു: “നീല ബ്ലൂ ഒരു അനുഭവമാണ്. ഉപഭോക്താക്കൾക്ക് സ്വന്തം വീട്ടിലെത്തിയതുപോലെയുള്ള അനുഭവവും പ്രചോദനവും ഒരു ആത്മബന്ധവും ഇവിടെ ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും കൈത്തൊഴിലാളികളെയും നേരിൽ കണ്ട്, അവരുടെ ഉൽപ്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുത്താണ് നീല ബ്ലൂവിനായുള്ള ശേഖരം ഒരുക്കിയത്.”
നീല ബ്ലൂവിന്റെ മുഖ്യ രക്ഷാധികാരിയും ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടറുമായ വർഗീസ് ആലുക്കാസ് പറഞ്ഞു: “ഇന്ത്യൻ രൂപകൽപ്പനകളുടെ സമ്പന്നതയോട് കിടപിടിക്കാൻ മറ്റൊരു രാജ്യത്തിനും കഴിയില്ല. ഈ സാംസ്കാരിക പൈതൃകത്തെ ഒരൊറ്റ ഇടത്ത് അവതരിപ്പിക്കാനുള്ള ശ്രമമാണ് നീല ബ്ലൂ.”
തലമുറകളായി കൈമാറിവരുന്ന നെയ്ത്ത് പാരമ്പര്യങ്ങളും നിർമാണ രീതികളും ഓരോ ഉൽപ്പന്നത്തിലും പ്രതിഫലിക്കുന്നു. കൈകൊണ്ട് നെയ്ത തുണിത്തരങ്ങളിൽ അവ നിർമിച്ച കരകൗശല വിദഗ്ധരുടെ വൈദഗ്ധ്യവും സൃഷ്ടിപരതയും പ്രകടമാണ്. നൂറ്റാണ്ടുകളായി കൈമാറിവരുന്ന നിർമാണ രീതികളിൽ രൂപപ്പെടുത്തിയ ജയ്പൂർ ആഭരണങ്ങളും ശേഖരത്തിലുണ്ട്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ നിറങ്ങൾ, രൂപകൽപ്പനകൾ, നെയ്ത്ത് രീതികൾ എന്നിവയിലൂടെ രാജ്യത്തിന്റെ വൈവിധ്യമാർന്ന കലാ-കരകൗശല പാരമ്പര്യത്തെ പരിചയപ്പെടുത്തുകയാണ് നീല ബ്ലൂ ലക്ഷ്യമിടുന്നത്.
സ്റ്റോറിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ‘Neela Blu Presents Jaipur Calling’, എന്ന പേരിൽ തൃശൂരിലും കൊച്ചിയിലും രണ്ട് മുൻകൂർ പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
തിരുവനന്തപുരത്തും കോഴിക്കോടും ഉടൻ തന്നെ നീല ബ്ലൂവിന്റെ പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് സ്റ്റോർ അധികൃതർ പറഞ്ഞു.
Photo Courtesy - Google










