
തിരുവനന്തപുരം: പുതിയ നികുതികൾ ഒന്നും തന്നെ ചുമത്താതെ, സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയൊരു ദിശാബോധം നൽകുന്ന പുതുയുഗ ബഡ്ജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'മിഷൻ സമുദ്ര' പദ്ധതിയാണ് ബഡ്ജറ്റിലെ പ്രധാന ആകർഷണം. പുതിയ നികുതിഭാരങ്ങൾ ഒഴിവാക്കിയ ബഡ്ജറ്റിൽ, അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ സ്മരണാർത്ഥം 25 ലക്ഷം രൂപയുടെ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ട്. അതേസമയം, മുൻ ബഡ്ജറ്റിലെ സാമ്പത്തിക അടങ്കലിൽ വലിയ തോതിലുള്ള വെട്ടിക്കുറയ്ക്കലുകളും പുതിയ ബഡ്ജറ്റിൽ വരുത്തിയിട്ടുണ്ട്.
'ബഡ്ജറ്റ് ബഫെ'യിലെ പ്രധാന പ്രഖ്യാപനങ്ങൾ:
. സ്റ്റാർട്ടർ (വാഹന നികുതി പരിഷ്കാരം)
ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു. എന്നാൽ ആഡംബര വാഹനങ്ങൾക്ക് നികുതി വർദ്ധിപ്പിച്ചു.
10 ലക്ഷം വരെയുള്ള ഇലക്ട്രിക് വാഹനങ്ങൾ: നികുതി 5%ൽ നിന്ന് 3% ആയി കുറച്ചു.
15 മുതൽ 20 ലക്ഷം വരെയുള്ളവ: നികുതി 8%ൽ നിന്ന് 5% ആയി കുറച്ചു.
40 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 10%ൽ നിന്ന് 15% ആയി ഉയർത്തി.
(₹10-15 ലക്ഷം, ₹20-30 ലക്ഷം, ₹30-40 ലക്ഷം വിഭാഗങ്ങളിൽ നിലവിലുള്ള നികുതി നിരക്കുകൾ തുടരും).
. മെയിൻ ഡിഷ് (വലിയ വികസന പദ്ധതികൾ)
മിഷൻ സമുദ്ര: വിഴിഞ്ഞം കേന്ദ്രബിന്ദുവാക്കി സംസ്ഥാനത്തെ 17 തുറമുഖങ്ങളെ കോർത്തിണക്കുന്ന പദ്ധതി (₹400 കോടി).
സതേൺ ഇക്കണോമിക് കോറിഡോർ: കരിമണൽ ഉൾപ്പെടെയുള്ള ധാതുസമ്പത്ത് പ്രയോജനപ്പെടുത്താൻ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളെ ഉൾപ്പെടുത്തിയുള്ള പദ്ധതി (₹100 കോടി).
ഏവിയേഷൻ ഹബ്ബ്: ലോജിസ്റ്റിക്സ്, ടൂറിസം വികസനം ലക്ഷ്യമിട്ട് ₹200 കോടി വകയിരുത്തി.
3. സൈഡ് ഡിഷസ് (മറ്റു വകയിരുത്തലുകൾ)
റീന്യൂവബിൾ എനർജി പദ്ധതി, എം.എസ്.എം.ഇ ഗ്രോത്ത് സ്കീം, കേരള നോളഡ്ജ് വാലി എന്നിവയ്ക്ക് ₹100 കോടി വീതം.
,ജെൻസി ആൻഡ് ന്യൂജെൻ ടെക്നോളജി, മാരിറ്റൈം മ്യൂസിയം, കേരള റിസർച്ച് പാർക്ക് എന്നിവയ്ക്ക് ₹50 കോടി വീതം.
സുപ്രധാന ജനക്ഷേമ-വികസന പ്രഖ്യാപനങ്ങൾ
ലൈറ്റ് മെട്രോ: തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും.
യാത്രാ സൗകര്യം: സ്വകാര്യ ബസുകൾക്ക് 50% നികുതി ഇളവ്.
ആരോഗ്യം & ക്ഷേമം: ₹25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസിന്റെ പ്രാരംഭ ചെലവുകൾക്കായി ₹10 കോടി. മെഡിസെപ്പും പങ്കാളിത്ത പെൻഷനും പരിഷ്കരിക്കും. മലപ്പുറത്ത് പുതിയ കാൻസർ സെന്റർ സ്ഥാപിക്കും. എൻഡോസൾഫാൻ ദുരിതബാധിതരെ സർക്കാർ ഏറ്റെടുക്കും.
കർഷകർക്ക് ആശ്വാസം: റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തി.
തീരദേശം: എല്ലാ തീരദേശവാസികൾക്കും പട്ടയം നൽകും. ഭൂമിയുടെ ന്യായവില പുനഃപരിശോധിക്കും. ക്യാമ്പസുകളെ 'ഗേൾസ് ഫ്രണ്ട്ലി' ആക്കും.
സാംസ്കാരികം & സിനിമ: സിനിമയ്ക്ക് വ്യവസ്യായ പദവി നൽകും. കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റിയും കോഴിക്കോട്ട് എം.ടി കൾച്ചറൽ പാർക്കും സ്ഥാപിക്കും. തൃശ്ശൂരിൽ ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമിയും എറണാകുളത്ത് സലിംകുമാറിന് സ്മാരകവും ഒരുക്കും.
തീർത്ഥാടനം: ശബരമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങളെ 'തിരുപ്പതി മോഡലിൽ' വികസിപ്പിക്കും. അർത്തൂർങ്കൽ, അമ്പലപ്പുഴ, കൃഷ്ണപുരം, മാതാ അമൃതാനന്ദമയി മഠം ഉൾപ്പെടെയുള്ളവയെ ബന്ധിപ്പിച്ച് തീർത്ഥാടന ടൂറിസം സർക്യൂട്ട് വരും.
ജനുവരി ബഡ്ജറ്റിലെ തുക വെട്ടിക്കുറച്ചു (സാമ്പത്തിക വശം)
മുൻ സർക്കാർ ജനുവരിയിൽ അവതരിപ്പിച്ച ബഡ്ജറ്റിലെ തുകകളിൽ വലിയ കുറവുകൾ വരുത്തിയാണ് പുതിയ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വാർഷിക അടങ്കൽ 35,750 കോടി രൂപയിൽ നിന്ന് 30,370 കോടി രൂപയായി കുറച്ചു.
ബഡ്ജറ്റ് ചുരുക്കത്തിൽ (തുക കോടിയിൽ):
റെവന്യൂ വരവ്: ₹1,69,646.37 (മുൻ ബഡ്ജറ്റിനേക്കാൾ 13,325.73 കുറവ്)
റെവന്യൂ ചെലവ്: ₹2,05,001.67 (മുൻ ബഡ്ജറ്റിനേക്കാൾ 12,557.09 കുറവ്)
റെവന്യൂ കമ്മി: ₹35,355.30 (768.64 കൂടുതൽ)
പൊതുക്കടം: ₹52,364.13 (985.64 കൂടുതൽ)
കിഫ്ബി (KIIFB) സംവിധാനത്തിൽ അടിമുടി മാറ്റങ്ങൾ വരുത്തുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സാമൂഹ്യ പെൻഷൻ വർദ്ധനവ്, ഡി.എ കുടിശ്ശിക തീർക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബഡ്ജറ്റിൽ ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.










