
ദോഹ: ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത ആധുനിക ചിത്രകാരന്മാരിൽ പ്രമുഖനായ എം. എഫ്. ഹുസൈന്റെ ജീവിതവും കലാസൃഷ്ടികളും പ്രമേയമാക്കി എജ്യുക്കേഷൻ സിറ്റിയിൽ പ്രവർത്തിക്കുന്ന 'ലൗഹ് വ ഖലം: എം. എഫ്. ഹുസൈൻ മ്യൂസിയം' ഖത്തറിന്റെ സാംസ്കാരിക ഭൂപടത്തിൽ ശ്രദ്ധേയമായ ഇടം നേടുന്നു. 2025 നവംബറിൽ ഖത്തർ ഫൗണ്ടേഷൻ ആരംഭിച്ച ഈ മ്യൂസിയം ഇതിനകം 9,000-ത്തിലധികം സന്ദർശകരെ ആകർഷിക്കുകയും ടൈം മാഗസിന്റെ 'വേൾഡ്സ് ഗ്രേറ്റസ്റ്റ് പ്ലേസസ് 2026' പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.
എം. എഫ്. ഹുസൈൻ താനിഷ്ടപ്പെട്ട സാംസ്കാരിക കേന്ദ്രത്തിനായി വരച്ച രേഖാചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പ്രശസ്ത ആർക്കിടെക്റ്റ് മാർത്താണ്ഡ് ഖോസ്‌ലയാണ് മ്യൂസിയത്തിന്റെ നീല നിറത്തിലുള്ള മനോഹരമായ കെട്ടിടം രൂപകൽപ്പന ചെയ്തത്.
ഹുസൈന്റെ വീടിന്റെയും സ്റ്റുഡിയോയുടെയും മാതൃകയിലുള്ള സ്വീകരണ മുറി, അദ്ദേഹത്തിന്റെ വരകളെ ജീവസ്സുറ്റതാക്കുന്ന 360-ഡിഗ്രി ഇമ്മേഴ്‌സീവ് റൂം എന്നിവ വേറിട്ട അനുഭവം നൽകുന്നു.
ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ, ശിൽപ്പങ്ങൾ, വാട്ടർ കളറുകൾ എന്നിവയ്ക്ക് പുറമെ 'ദി ആർട്ടിസ്റ്റ് ആൻഡ് ഹിസ് മോഡൽ', 'ഡോൾസ് വെഡ്ഡിംഗ്', 'ഇന്ത്യാസ് 100 ഇയേഴ്സ് ഓഫ് സ്ട്രഗിൾ ഫോർ ഫ്രീഡം' തുടങ്ങിയ പ്രശസ്തമായ സൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
വിശ്വാസം, ചരിത്രം, നാഗരികത എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന 'എ ക്യൂരിയസ് മൈൻഡ്' ഗാലറിയും പ്രക്സിനോസ്കോപ്പ് (Praxinoscope) ഉൾപ്പെടെയുള്ള ഇന്ററാക്ടീവ് സജ്ജീകരണങ്ങളും ഇതിന്റെ ഭാഗമാണ്.ഹുസൈന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലെ ഖത്തർ വാസമാണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. അറബ്-ഇസ്ലാമിക് നാഗരികതയെ ആസ്പദമാക്കി 99 ചിത്രങ്ങൾ വരയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2011-ൽ അന്തരിക്കുന്നതിന് മുൻപ് അദ്ദേഹം പൂർത്തിയാക്കിയ 30-ലധികം ചിത്രങ്ങൾ 'ദി ഖത്തർ ചാപ്റ്റർ' എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
പ്രദർശനങ്ങൾ കൂടാതെ വർക്ക്‌ഷോപ്പുകൾ, ലൈബ്രറി, ഓഡിറ്റോറിയം, ക്രിയേറ്റിവിറ്റി ഹബ്ബ് എന്നിവ അടങ്ങുന്ന സജീവമായ ഒരു പഠന കേന്ദ്രം കൂടിയാണ് 'ലൗഹ് വ ഖലം'.











