
ദോഹ: എഫ് എം റേഡിയോ നെറ്റ്‌വർക്കിന്റെ ഭാഗമായ റേഡിയോ മലയാളം 98.6 എഫ്.എം സംഘടിപ്പിച്ച ‘ഫോർ മൈ ലവ്’ (Season 6) പദ്ധതിയിലൂടെ ഖത്തറിലെത്തിയ അമ്മമാരെയും ഭാര്യമാരെയും
ആദരിച്ചു.25 വർഷത്തിലധികം പ്രവാസജീവിതം നയിച്ചിട്ടും കുടുംബത്തെ ഖത്തറിലെത്തിക്കാൻ കഴിയാതിരുന്ന കുറഞ്ഞ വേതനക്കാരായവരുടെ
അമ്മമാരും ഭാര്യമാരുമാണ്
ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹഷ്മളത ഏറ്റുവാങ്ങിയത്.
ഹോളിഡേ ഇന്നിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെയും മിഡിൽ ഈസ്റ്റിന്റെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ഒരു തലമുറയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവാണിതെന്ന് അദ്ദേഹം പറഞ്ഞു.ക്യു എഫ് എം റേഡിയോ നെറ്റ്‌വർക്ക് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സി. അബ്ദുൽ ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വർഷങ്ങളോളം അകന്നു കഴിയേണ്ടി വന്ന കുടുംബങ്ങളെ താങ്ങിനിർത്തിയ സ്ത്രീകളുടെ ത്യാഗങ്ങളെ അദ്ദേഹം സ്മരിച്ചു. റേഡിയോ ശ്രോതാക്കളിൽ നിന്നും ലഭിച്ച നാമനിർദ്ദേശങ്ങളിൽ നിന്നാണ് അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
നോർക്ക ഡയറക്ടർ സി.വി. റപ്പായി, ഐ.ബി.പി.സി പ്രസിഡന്റ് ത്വാഹ അബ്ദുൽ കരീം തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു. സന്ദർശനത്തിനെത്തിയവർക്കായി മോമെന്റൊയും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രശസ്ത കാലിഗ്രാഫി ആർട്ടിസ്റ്റ് കരീം ഗ്രാഫിയുടെ 'ലൈവ് ആർട്ടിസ്റ്റിക് ട്രിബ്യൂട്ടും' സംഗീത പരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി.ഫെബ്രുവരി 9 മുതൽ 16 വരെ നീളുന്ന സന്ദർശന കാലയളവിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക പരിപാടികളും അതിഥികൾ സന്ദർശിക്കും. കേരളത്തിൽ നിന്നുള്ള യാത്രയിലും തിരിച്ചും അതിഥികളെ സഹായിക്കാൻ റേഡിയോ ആർ.ജെയും ഒപ്പമുണ്ട്. 2018-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ നിരവധി കുടുംബങ്ങളുടെ ഖത്തർ എന്ന സ്വപ്നം യാഥാർത്ഥ്യമായിട്ടുണ്ട്.











