
പത്തനംതിട്ട: ജില്ലയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രമുഖ ലഹരി വിതരണക്കാരൻ അറസ്റ്റിൽ. ‘കൊറിയർ സ്റ്റാൻലി’ എന്നറിയപ്പെടുന്ന സ്റ്റാൻലി തോമസ് മാത്യു (38) ആണ് 0.665 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മല്ലപ്പള്ളി താലൂക്കിലെ പെരുമ്പട്ടി വില്ലേജിൽ കൊറ്റനാട് കരയിൽ പീടികയിൽ വീട്ടിൽ തോമസ് മാത്യുവിന്റെ മകനാണ് സ്റ്റാൻലി. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
സ്റ്റാൻലി ഉപയോഗിച്ചിരുന്ന കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.ഒ. വിനോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എസ്.എസ്. ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ എൻ., നിതിൻ ശ്രീകുമാർ, കൃഷ്ണകുമാർ എം.എസ്., സോജൻ എച്ച്., വിഷ്ണു വി., വനിതാ സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പത്തനംതിട്ട മേഖലയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ സ്റ്റാൻലിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ജില്ലയിൽ ലഹരിക്കെതിരായ പരിശോധനകളും നടപടികളും വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.








