
മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഉണ്ണികൃഷ്ണൻ പുതൂരിന്റെ 'ആനപ്പക' എന്ന നോവലിന്റെ അമ്പതാം വാർഷികപ്പതിപ്പിന്റെ പ്രകാശനം 2023 ഡിസംബറിൽ തൃശൂരിൽ വച്ച് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എഴുത്തച്ഛൻ പുരസ്‌ക്കാര ജേതാവ് ഡോ.എസ്.കെ. വസന്തന് നൽകി നിർവ്വഹിച്ചു. വിസ്തൃതമായ ക്യാൻവാസുള്ള നോവലുകളുടെ, കാലഘട്ടവും പ്രസക്തിയും ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നതിന് തെളിവാണ്. ആനപ്പകപോലുള്ള നോവലുകളുടെ പുനഃപ്രസിദ്ധീകരണം വ്യക്തമാക്കുന്നതെന്ന് ഡോ.എസ്.കെ. വാസന്തൻ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള നോവലുകൾ വായനക്കാർക്ക് അനിവാര്യമാണെന്നും, ചെറിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ളൂ നോവലൈറ്റുകൾക്കേ പ്രസക്തിയുള്ള എന്ന ആധുനിക നിരൂപകരുടെ നിലപാടുകൾ തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പോലെ അവാർഡുകളോ അംഗീകാരങ്ങളോ ഒന്നും പ്രത്യേകം ലഭിച്ചില്ലെങ്കിലും, മലയാള നോവൽ സാഹിത്യചരിത്രത്തിൽ മസ്തകം ഉയർത്തിപ്പിടിച്ചുനിൽക്കുന്ന കൃതിയാണ് ആനപ്പക. മലയാളസാഹിത്യത്തിലെ ഒറ്റയാനായിരുന്ന എഴുത്തുകാരന്റെ ഈ കൃതി കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ മാത്രമല്ല ഇന്നിന്റെ കൂടി വാൽക്കണ്ണാടിയായ ഒരു ഇതിഹാസകൃതിയാണ്.